പത്തനംതിട്ട> ന്യൂസ് ക്ലിക്ക് കേസിന്റെ പേരിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയ മാധ്യമപ്രവർത്തക അനുഷ പോളിന്റെ അസ്ബറ്റോസ് മേൽക്കൂരയിട്ട വീട് കണ്ട് ഇഡി അമ്പരന്നുകാണുമെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക് . ‘‘വണ്ടികയറാത്ത ചെറുകുന്നിന്റെ ചരുവിൽ പെട്ടെന്നു കാണാൻ കഴിയാത്ത ഒരു ചെറുവീട്. കൊച്ചുവീടിന്റെ മുന്നിലുള്ള ആസ്ബറ്റോസ് മേൽക്കൂര പൂമുഖത്ത് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു. ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞു? അവരും അമ്പരന്നുകാണും. വിദേശപണവും മറ്റും വാങ്ങിയെന്നല്ലേ കേസ്. അപ്പോൾ ഒരു ഇടത്തരം സമ്പന്ന വീടായിരിക്കും പ്രതീക്ഷിച്ചിരിക്കുക“- തോമസ് ഐസക് അനുഷയുടെ വീട് സന്ദർശിച്ചശേഷം എഫ് ബി പോസ്റ്റിൽ എഴുതി.
ഫെയ്സ്ബുക്ക് കുറിപ്പ്
അനുഷ പോളിന്റെ വീട് കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. വണ്ടികയറാത്ത ചെറുകുന്നിന്റെ ചരുവിൽ പെട്ടെന്നു കാണാൻ കഴിയാത്ത ഒരു ചെറുവീട്. അനുഷയ്ക്കു തന്നെ ഉരുളൻകല്ല് പാതയിലൂടെ താഴേക്ക് ഇറങ്ങിവരേണ്ടി വന്നു. വളരെ കാലം പരിചയമുള്ള ഒരു സുഹൃത്തിനോടെന്നവണ്ണം കൈപിടിച്ചു മുകളിലേക്കു കയറുമ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
കന്യാകുമാരിയിൽ അരുണ റോയിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന സന്നദ്ധപ്രവർത്തകരുടെ ഒരു ക്യാമ്പ്. ഏതാണ്ട് മൂന്നിലൊന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതി-യുവാക്കൾ. ബാക്കി നാട്ടുകാരായ ഒട്ടേറെ ആളുകൾ. എന്റെ പ്രസംഗം മലയാളത്തിൽ മതിയെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ക്യാമ്പ് അംഗങ്ങൾക്ക് എന്റെ പ്രസംഗം എങ്ങനെ മനസിലാകും? അപ്പോഴാണ് അനുഷയുടെ രംഗപ്രവേശനം. മലയാളി പ്രസംഗം നേരിട്ട് ഹിന്ദിയിലേക്ക് അനായാസേന വിവർത്തനം ചെയ്തത് അനൂഷ ആയിരുന്നു.
കൊച്ചുവീടിന്റെ മുന്നിലുള്ള ആസ്ബറ്റോസ് മേൽക്കൂര പൂമുഖത്ത് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു. ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞു? അവരും അമ്പരന്നുകാണും. വിദേശപണവും മറ്റും വാങ്ങിയെന്നല്ലേ കേസ്. അപ്പോൾ ഒരു ഇടത്തരം സമ്പന്ന വീടായിരിക്കും പ്രതീക്ഷിച്ചിരിക്കുക. അനുഷയുടെ വാക്കുകളിൽ: “ന്യൂസ് ക്ലിക്കിൽ നിന്നും നേരിട്ടും അല്ലാതെയും കിട്ടിയ പണത്തെക്കുറിച്ച് ഇഡി ചോദിച്ചു. അവരോടു ഞാൻ പറഞ്ഞ മറുപടി എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?”
അനുഷ ഡൽഹിയിൽ സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐയുടെ സംസ്ഥാന ട്രഷററാണ്. ഇതൊക്കെ അറിഞ്ഞിട്ടായിരിക്കുമല്ലോ ഇഡി വരിക. പക്ഷേ, ഇഡിയുടെ ചോദ്യം സിപിഐ എം സംസ്ഥാന സെക്രട്ടറിയേയും മറ്റു നേതാക്കളെയും അറിയുമോ എന്നായിരുന്നു. ഇതുപോലുള്ള കുറേ വിഡ്ഡി ചോദ്യങ്ങൾ.
കർഷകസമരത്തെക്കുറിച്ചും സിഎഎ വിരുദ്ധസമരത്തെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങൾ. കൂടെ ഇന്നും ജയിലിൽ കഴിയുന്ന സിഎഎ വിരുദ്ധസമരത്തിൽ പങ്കെടുത്ത ജാമിയയിലെ വിദ്യാർത്ഥികളെ കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. അനുഷ അക്കാലത്ത് ന്യൂസ് ക്ലിക്കിന്റെ ഇന്റർനാഷണൽ റിപ്പോർട്ടർ ആയിരുന്നു. അതുകൊണ്ട് ഫീൽഡ് റിപ്പോർട്ടിംഗ് ഉണ്ടായിരുന്നില്ല. എങ്കിലും നിലപാടു വ്യക്തമാക്കി. “ഈ രണ്ട് സമരങ്ങളും സംബന്ധിച്ച് ഞങ്ങളുടെ പാർടിയുടെ നിലപാട് അറിയാമല്ലോ. അതുതന്നെയാണ് എന്റെയും നിലപാട്.”
വീടാകെ പരിശോധിച്ചു. ലോക്കൽ സെക്രട്ടറിയെ വിളിക്കാൻ ശ്രമിച്ച അമ്മയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. പോയപ്പോൾ തിരിച്ചു കൊടുത്തു. പക്ഷേ, അനുഷയുടെ ഫോണും ലാപ്പുമൊന്നും തിരിച്ചു കൊടുത്തില്ല. ആവശ്യപ്പെട്ടിട്ടും രസീത് നൽകാനും അവർ വിസമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനു ഡൽഹിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ അനുഷ ന്യൂസ് ക്ലിക്കിൽ ഇല്ല. അസീം പ്രേംജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണു ജോലി ചെയ്യുന്നത്. ഇപ്പോൾ ജോലി ഇല്ലെങ്കിലും കർഷകസമരകാലത്തും സിഎഎ വിരുദ്ധസമരകാലത്തും ന്യൂസ് ക്ലിക്കിൽ ഉണ്ടായിരുന്നല്ലോ എന്നതാണ് ഇഡിയുടെ ന്യായം.
എന്തിനു വേണ്ടിയാണ് എന്നെ ചോദ്യം ചെയ്യുന്നത്? എന്താണ് എന്റെ പേരിലുള്ള കുറ്റങ്ങൾ? എന്ന ചോദ്യങ്ങൾക്ക് ഭീഷണിയായിരുന്നു മറുപടി. “മര്യാദയ്ക്കു സഹകരിച്ചാൽ നിങ്ങൾക്കു നല്ലത്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ.” അനുഷയ്ക്ക് ഇല്ലാത്തതൊന്നു ഭയമാണ്. ഇഡി വന്നത് കേരളാ പൊലീസിനെ അറിയിച്ചുകൊണ്ടല്ല. പക്ഷേ, മാധ്യമ പ്രവർത്തകർ അറിഞ്ഞിരുന്നു. ഇഡിയുടെ പിന്നാലെ അവരും എത്തി. ഭയമുണ്ടോയെന്നു ചോദിച്ച അവരോട് അനുഷയുടെ പ്രതികരണം വീഡിയോയിൽ ലഭ്യമാണ്. ഭയമുണ്ടെങ്കിൽ ഞാൻ സിപിഎമ്മിൽ ചേരുമോ? അതെ. ഡൽഹിയിൽ ഇന്നു സിപിഐ(എം)ൽ സജീവമായി പ്രവർത്തിക്കുന്നതിനു ചെറിയ ധൈര്യമൊന്നും പോരാ. ന്യൂസ് ക്ലിക്കിലെ റെയ്ഡിലൂടെ സിപിഐ(എം) നേതാക്കളിലേക്ക് എത്താനുള്ള ഊടുവഴികളാണ് ഇഡി നേടിക്കൊണ്ടിരിക്കുന്നത്.
വീട്ടിൽ അമ്മ ഉഷാ ഭാർഗവിയും ഒരു ബന്ധു സ്ത്രീ കൂടി മാത്രമേയുള്ളൂ. ഇപ്പോൾ അനുഷയുമുണ്ട്. 2005-ൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിംല രാധാകൃഷ്ണൻ കുടുംബശ്രീയുടെ ബാക്ക് ടു സ്കൂൾ ക്ലാസും കഴിഞ്ഞ് അതുവഴി വന്നിരുന്നു. അനുഷയുടെ അമ്മയുടെ സഹോദരിയുടെ മകന്റെ ഭാര്യയാണ് സിംല. അമ്മയ്ക്കു സുഖമില്ലാത്തതുകൊണ്ടാണ് അനുഷ കുറച്ചുനാളത്തേക്കു വീട്ടിലേക്കു വന്നത്. ഇവിടെയുള്ളിടത്തോളം കാലം പ്രാദേശിക പാർടി പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് ഉദ്ദേശം.