ചെറുതോണി> ചെറുതോണി പാലത്തിലേക്ക് ഗാന്ധിനഗർ കോളനിയിൽ നിന്നുള്ള റോഡിനും പഴയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനും 1.54 കോടിക്ക് ടെൻഡർ ചെയ്തുവെന്ന ഡീൻ കുര്യാക്കോസ് എംപിയുടെ പ്രസ്താവന പെരുംനുണയും അസംബന്ധവുമാണെന്ന് പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെറുതോണി പാലത്തിലേക്ക് ഗാന്ധിനഗർ കോളനിയിൽ നിന്നുള്ള റോഡിനും പഴയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനും 1.54 കോടിക്ക് ടെൻഡർ ചെയ്തുവെന്ന ഡീൻ കുര്യാക്കോസ് എംപിയുടെ പ്രസ്താവന പെരുംനുണയും അസംബന്ധവുമാണെന്ന് പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരത്തിലൊരു ടെൻഡർ ഉണ്ടായിട്ടില്ല. ദേശീയപാത 185 ന്റെ അറ്റകുറ്റ പണികൾക്ക് അനുവദിച്ച തുകയാണ് പാലത്തിനാണെന്ന വാർത്ത നൽകി എംപി ഇടുക്കിക്കാരെ തെറ്റിദ്ധരിപ്പിച്ചത്. തിങ്കളാഴ്ച ജില്ലാ കലക്ടർ ഓൺലൈനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും സർവീസ് റോഡുകൾക്ക് ഫണ്ട് അനുവദിക്കപ്പെടുകയോ ടെൻഡർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എംപി നട്ടാൽകുരുക്കാത്ത നുണ പ്രചരിപ്പിച്ച് വിഡ്ഢികളാക്കുകയാണ്. പാലത്തിന്റെ അനുബന്ധ ജോലികളൊന്നും പൂർത്തീകരിക്കാതെ ഉദ്ഘാടനം രഹസ്യമായി നടത്താനുള്ള എംപിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കോൺഗ്രസ് നേതാവിന്റെ അനധികൃത കെട്ടിടം സംരക്ഷിക്കാൻ അശാസ്ത്രീയമായി നിർമിച്ച ചെറുതോണി പാലം ടൗണിന്റെ എക്കാലത്തെയും ശാപമാണ്. പാലം നിർമാണം പൂർത്തിയാകുന്നതോടെ ടൗണിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിനും ഗാന്ധിനഗർ കോളനിയിലേക്കുള്ള ഗതാഗത സൗകര്യം പുന:സ്ഥാപിക്കുന്നതിനും അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ നിർബന്ധമായും പൂർത്തിയാക്കേണ്ടതായിരുന്നു.
കലക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനവും അട്ടിമറിച്ചു
ജനങ്ങളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കലക്ടറുടെ ചേമ്പറിൽ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങളും അട്ടിമറിച്ചു. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും കരാർ കമ്പനിയുടെ പ്രതിനിധിയും ജനപ്രതിനിധികളും രാഷ്ട്രീയ പാർടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. പാലം ട്രാഫിക് ഐലന്റിനുസമീപം പൂർത്തീകരിക്കുക, ഇരുവശങ്ങളിലും മൂന്നുമീറ്റർ വീതിയിൽ സർവീസ് റോഡും ഓടയും നിർമിക്കുക, പഴയ ബസ്സ്റ്റാൻഡിൽ പാർക്കിങ് ഏരിയയും കംഫർട്ട്സ്റ്റേഷനും നിർമിക്കുക എന്നിവയായിരുന്നു യോഗതീരുമാനങ്ങൾ. ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന് ഒരു നടപടിയും എംപിയും ദേശീയപാത ഉദ്യോഗസ്ഥരും സ്വീകരിച്ചില്ല.
അശാസ്ത്രീയമായ നിർമാണം മൂലം സെൻട്രൽ ജങ്ഷനിൽ വെള്ളക്കെട്ടുണ്ടാവുന്നു. മൂന്ന് കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഉദ്ഘാടന തീയതി തീരുമാനിച്ചപ്പോൾ ഉയർന്നുവന്ന ജനരോഷം തണുപ്പിക്കുന്നതിന് എംപി നടത്തിയ പത്രപ്രസ്താവനകളിലെ ഉള്ളടക്കം ശുദ്ധകളവാണ്. അനുബന്ധ പ്രവർത്തികൾക്കായി ഒരു പ്രവൃത്തിയും ടെൻഡർ ചെയ്തിട്ടില്ല. എംപി പറയുന്ന 1.54 കോടി രൂപയുടെ ടെൻഡർ ഈ പ്രവർത്തിയുമായി ഒരു ബന്ധവുമില്ലാത്തതാണ്. തിങ്കൾരാവിലെ ആരംഭിച്ചതായി പറയുന്ന പ്രവർത്തിക്ക് എസ്റ്റിമേറ്റോ ടെൻഡറോ ഇല്ല.
ഉദ്ഘാടനം ബഹിഷ്ക്കരിക്കും
കരാറുകാരനുമായി ഹൈവേ എൻജിനിയർമാരും എംപിയും നടത്തുന്ന ഒത്തുകളിയാണ് പുറത്തുവരുന്നത്. ജനപ്രതിനിധികളെയും പ്രദേശവാസികളെയും അറിയിക്കാതെ രഹസ്യമായി നടത്തുന്ന ഉദ്ഘാടന പരിപാടി ബഹിഷ്ക്കരിക്കുന്നതിനും പാലത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുന്നതിനുമാണ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. പാലത്തിന്റെ അനുബന്ധ പ്രവൃത്തികൾ പൂർത്തീകരിച്ചു മാത്രമേ ഉദ്ഘാടനം നടത്താൻ പാടുള്ളൂ എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ, ജനപ്രതിനിധികളായ പ്രഭ തങ്കച്ചൻ, നിമ്മി ജയൻ, വ്യാപാരി സംഘടനാ നേതാക്കളായ ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, എം കെ ജോർജ്, രാഷ്ട്രീയ പാർടി പ്രതിനിധികളായ എം വി ബേബി, കെ കെ അബ്ബാസ്, കലേഷ് ഗോപി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.