കൊല്ലം> ഒന്നര വർഷത്തിനിടെ കൊല്ലം ജില്ലയിൽ ഷോക്കേറ്റ് ചരിഞ്ഞത് മൂന്ന് കാട്ടാനകൾ. ഭക്ഷണംതേടി കൃഷിയിടത്തിലെത്തിയപ്പോൾ വൈദ്യുതി ലൈനിൽ തട്ടിയാണ് രണ്ടെണ്ണെത്തിന്റെ ജീവൻ പൊലിഞ്ഞത്. സ്വകാര്യ ഭൂമിയിൽ കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ടതിൽ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു പത്തനാപുരം വനമേഖലയിൽ കൊമ്പൻ ചരിഞ്ഞത്.
കുളത്തൂപ്പുഴ വനമേഖലയ്ക്കുള്ളിൽ ഡാലി മാത്രക്കരിക്കം മടാപ്പാറ ഭാഗത്തെ റബർ തോട്ടത്തിലായിരുന്നു 12 വയസ്സുള്ള കാട്ടാന ചരിഞ്ഞത്. ഞായർ പുലർച്ചെയാണ് സംഭവം. കഴിഞ്ഞ വർഷം ജൂൺ ആറിനാണ് ആര്യങ്കാവിൽ വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 20 വയസ്സുള്ള കൊമ്പനായിരുന്നു. സമീപത്തെ പ്ലാവിൽനിന്ന് ചക്ക പറിച്ചെടുക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സ്വകാര്യ പുരയിടത്തിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് മെയ് 16നാണ്. പുനലൂർ വനം ഡിവിഷനിൽ ഉൾപ്പെട്ട പത്തനാപുരം റേഞ്ച് പുന്നല കടശ്ശേരി ചെളിക്കുഴി ഭാഗത്താണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയുടെ ജഡം കണ്ടത്. കൊമ്പനാനയാണ് ചരിഞ്ഞത്. കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ടതിൽ നിന്ന് വൈദ്യുതാഘാതമേറ്റായിരുന്നു ആന ചരിഞ്ഞത്. കടശ്ശേരിയിലെ സ്വകാര്യ റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു.