ബത്തേരി> അതിഥികൾക്ക് വിശ്രമമൊരുക്കാൻ ബത്തേരിയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസൊരുങ്ങി. പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും ജനകീയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സഞ്ചാരികൾക്ക് ആവശ്യമായ താമസസൗകര്യം ഇല്ലാത്തതാണ് മലബാറിൽ വിദേശസഞ്ചാരികൾ കുറയുന്നതിന്റെ പ്രധാന കാരണം. ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് വയനാട്ടിലുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ എല്ലാ സഞ്ചാരികളും ആശ്രയിക്കാറില്ല. ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും സഞ്ചാരികൾക്കായി ഒരുക്കിയാൽ താമസ സൗകര്യത്തിനൊപ്പം സഞ്ചാരികൾക്ക് സാമ്പത്തിക ലാഭവും ഉണ്ടാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
രണ്ടുനിലകളിലായി രണ്ട് വിഐപി സ്യൂട്ടുൾപ്പെടെ എട്ട് ശീതീകരിച്ച മുറികളാണ് പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിലുള്ള ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് സജ്ജീകരിച്ച വിശ്രമകേന്ദ്രത്തിലുള്ളത്. എല്ലാ മുറികളിലും സ്യൂട്ടിലും ടിവിയും ഫർണിച്ചറുകളുമുണ്ട്. സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ്ഹൗസുകളിൽ ഏറ്റവും ആധുനിക രീതിയിലും മനോഹാരിതയിലും നിർമിച്ചതാണ് ബത്തേരിയിലേത്. റസ്റ്റ്ഹൗസുകൾ നവീകരിച്ച് സഞ്ചാരികളെയും നാട്ടുകാരെയും ആകർഷിച്ച് വരുമാനം വർധിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് കാലപ്പഴക്കംചെന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിച്ചത്. വിശാലമായ പാർക്കിങ് ഏരിയയാണ് റസ്റ്റ് ഹൗസിനുള്ളത്. 2020 നവംബർ രണ്ടിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിസന്ധിയിൽ നിർമാണം തടസ്സപ്പെട്ടെങ്കിലും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിലാണ് കെട്ടിടം പണി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായത്.
ഉദ്ഘാടന ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ ടി കെ രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, കെ റഷീദ്, പി എസ് രാജീവ്, പി ആർ ജയപ്രകാശ്, ഉമ്മർ കുണ്ടാട്ടിൽ, പി ജി സോമനാഥൻ, കെ ജെ ദേവസ്യ, കെ ബി പ്രേമാനന്ദൻ, കെ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനിയർ ഇ ജി വിശ്വപ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോൺ നന്ദിയും പറഞ്ഞു.