തിരുവനന്തപുരം > വീണ്ടും സർക്കാരിനു നേരെ വെല്ലുവിളിയുമായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ഒപ്പിടാതെ മാറ്റിവെച്ച ബില്ലുകളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്നാണ് ഗവർണറുടെ പ്രസ്താവന. താൻ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും തനിക്കെതിരെ കോടതിവിധിയുമായി വരട്ടെയെന്നും ഗവർണർ പറഞ്ഞു. നിയമസഭ പാസാക്കി രാജ്ഭവനിലേക്കയച്ചെങ്കിലും ഗവർണർ മാസങ്ങളായി ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്.
അഞ്ചുമാസംമുതൽ രണ്ടുവർഷംവരെയുള്ള എട്ടു ബില്ലാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പിടിച്ചുവച്ചത്. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, ലോകായുക്ത ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനം എടുക്കാനുള്ളത്. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിരുന്നു. എങ്കിലും അനിശ്ചിതമായി ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിൽ സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ഗവർണർ നിലപാട് മാറ്റിയിരുന്നില്ല.
കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായി സർക്കാർ നൽകിയ ഹർജിയിൽ ബില്ലിൽ ഗവർണർ തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന സുപ്രധാന നിർദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് പശ്ചിമബംഗാൾ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സർക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. കേസ് നടത്താൻ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ സേവനം തേടുമെന്നും സർക്കാർ അറിയിച്ചിരുന്നു.