കുലുക്കല്ലൂർ> ദമ്പതികളുടെ മൃതദേഹങ്ങൾ വാടകവീട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തി. താഴത്തെപുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരുടെ മൃതദേഹങ്ങളാണ് കുലുക്കല്ലൂർ മുളയങ്കാവ് ഫെഡറൽ ബാങ്കിന് സമീപത്തെ വാടക വീട്ടിൽനിന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം.
വീട്ടിൽനിന്ന് ദുർഗന്ധം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കൊപ്പം പൊലീസിനെ വിവരം അറിയിച്ചത്. വീടിനുപുറത്തെ പൂട്ടിയിട്ട മുറിയിലായിരുന്നു സുചിത്രയുടെ മൃതദേഹം. അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷാജിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കൊപ്പം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷമേ കൃത്യമായ വിവരം അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
ആശാരിപ്പണിക്കാരനാണ് ഷാജി. മകൻ: അർജുൻ. ഷാജിയുടെ അച്ഛൻ: പരേതനായ ബാലചന്ദ്രൻ. അമ്മ: ശ്യാമള. സുചിത്രയുടെ അച്ഛൻ: കുലുക്കല്ലൂർ കുന്നത്തൊടി മുരളി. അമ്മ: സുധ.