കൊച്ചി > ബാങ്കിങ് മേഖലയിൽ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കുള്ള അറിയിപ്പുകൾ പ്രാദേശികഭാഷയിലും നൽകണമെന്ന് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര കമീഷൻ റിസർവ് ബാങ്കിനോട് നിർദേശിച്ചു. അക്കൗണ്ട് തുറക്കാനുള്ള ഫോമുകൾ, എടിഎം കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾ, എസ്എംഎസ്, ഇ–-മെയിൽ അലർട്ടുകൾ എന്നിവ പ്രാദേശികഭാഷയിൽ ലഭ്യമാക്കാനാണ് നിർദേശം.
പറവൂർ സ്വദേശി അംബിക ഗോപിയുടെ 45,000 രൂപ പലദിവസങ്ങളിലായി എടിഎം കാർഡ് ഉപയോഗിച്ച് മറ്റാരോ പിൻവലിച്ചതിൽ ബാങ്കിന് വീഴ്ച സംഭവിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എസ്ബിഐ ചെറിയപ്പിള്ളി ബ്രാഞ്ചിനെതിരെ നൽകിയ പരാതിയിലാണ് കമീഷന്റെ നിർദേശം. പണം പിൻവലിക്കുമ്പോൾ ഫോണിൽ വന്ന സന്ദേശം പരാതിക്കാരിക്ക് മനസ്സിലായില്ല. രണ്ടുമാസത്തിനുശേഷമാണ് പണം നഷ്ടമായത് അറിഞ്ഞത്. തുടർന്ന് ബാങ്കിലും പൊലീസിലും പരാതി നൽകി. രണ്ടുമാസം കഴിഞ്ഞാണ് പരാതി ലഭിച്ചതെന്നും പണം നഷ്ടപ്പെട്ട് ഏഴുദിവസം കഴിഞ്ഞാൽ ബാങ്കിന് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു എസ്ബിഐയുടെ വാദം.
ഇംഗ്ലീഷ് വായിക്കാൻ അറിയാത്ത പരാതിക്കാരിക്ക് മൊബൈൽ ഫോണിൽ വന്ന എസ്എംഎസ് അറിയിപ്പ് വായിക്കാനായില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. അതിനാൽ ഉപഭോക്താവിന് മനസ്സിലാകുന്ന ഭാഷയിൽ സന്ദേശം നൽകിയാൽ തട്ടിപ്പുകൾ കുറയ്ക്കാമെന്നും വ്യക്തമാക്കി. പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.