കോട്ടയം > വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ കത്തിപ്പോയ പേപ്പർ മെഷീനിന്റെ അറ്റകുറ്റപ്പണി ചൊവ്വാഴ്ച ആരംഭിക്കും. തിങ്കളാഴ്ച ഇൻഷുറൻസ് ക്ലിയറൻസ് കിട്ടുമെന്നാണ് പ്രതീക്ഷ. അത് കഴിഞ്ഞാലുടൻ അറ്റകുറ്റപ്പണികളിലേക്ക് കടക്കും. ഒരുമാസത്തിനുള്ളിൽ വീണ്ടും ന്യൂസ്പ്രിന്റ് ഉൽപാദനം ആരംഭിക്കാമെന്നാണ് കരുതുന്നത്.
“വൊയ്ത്’ എന്ന ജർമൻ കമ്പനിയുടെ യന്ത്രമാണ് വ്യാഴാഴ്ച തീപിടിത്തത്തിൽ നശിച്ചത്. മെഷീനിന്റെ ക്വാളിറ്റി കൺട്രോൾ സംവിധാനം, മെഷീൻ ക്ലോത്തിങ്, അലുമിനിയം പാനലിങ് എന്നിവയെല്ലാം കത്തി. യന്ത്രത്തിന്റെ പാർട്സ് എല്ലാം തന്നെ ഇന്ത്യയിൽ ലഭ്യമാണ്. യന്ത്രത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഫോറൻസിക് സംഘമെത്തി സാമ്പിളുകൾ ശേഖരിച്ചു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പാലാ ആർഡിഒ പി ജി രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഘം തിങ്കളാഴ്ച കെപിപിഎല്ലിൽ എത്തി പരിശോധിക്കും. തീപിടിത്തത്തിൽ 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.