തൃക്കരിപ്പൂർ > വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിന് ജാമ്യം. ചെന്നൈയിൽ കസ്റ്റംസ് കസ്റ്റഡിയിലായിരുന്ന ഷിയാസിനെ, കേസന്വേഷണ സംഘം ശനി രാവിലെ ചന്തേരയിലെത്തിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പടുത്തി. ചോദ്യം ചെയ്ത ശേഷം ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയച്ചു. ചെന്നൈയിൽ കസ്റ്റഡിയിലായതിന് പിന്നാലെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം നൽകിയിരുന്നു.
പടന്നയിലെ 32 കാരി ചന്തേര പൊലീസിൽ നൽകിയ പരാതിയിലാണ് ഷിയാസിനെ പിടികൂടിയത്. ഗൾഫിലായിരുന്ന ഇയാൾക്കെതിരെ ചന്തേര പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴം രാവിലെ വിമാനമാർഗം ചെന്നൈയിലിറങ്ങിയ ഷിയാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചന്തേര സിഐ എം മനുരാജ്, എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചന്തേരയിലെത്തിച്ച് ചോദ്യം ചെയ്തു.
പീഡിപ്പിച്ചു എന്ന് പറയുന്ന ചെറുവത്തൂരിലേയും എറണാകുളത്തേയും ഹോട്ടലുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളും താമസിച്ചതിൻ്റെ രേഖകളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. യുവതി കൈമാറിയ അഞ്ച് ലക്ഷം രൂപയുടെ ബാങ്ക് രേഖകളും പൊലീസ് കണ്ടത്തി. എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്ന യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്. 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
യുവതി മകനുള്ള കാര്യം മറച്ചുവച്ചുവെന്ന് ഷിയാസ് കരീമും പ്രതികരിച്ചു. പടന്നയിലെ യുവതിയുമായി അടുപ്പത്തിലായിരുന്നന്നും 14 വയസുള്ള മകനുണ്ടന്ന കാര്യം മറച്ചുവവെച്ചതാണ് ബന്ധങ്ങളിൽ നിന്നും അകലാനിടയാക്കിയതെന്നും ഷിയാസ് കരീം പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ വാഹനം യുവതിക്ക് വിറ്റയിനത്തിൽ നടത്തിയ സാമ്പത്തിക ഇടപാട് മാത്രമാണ് നടന്നതെന്നും ഇയാൾ പറഞ്ഞു.