കോഴിക്കോട്> ഭരണത്തിലുള്ളവരുമായി നല്ല ബന്ധമെന്നത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ശൈലിയാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതിനെയൊന്നും ആക്ഷേപിച്ചിട്ടും വിമർശിച്ചിട്ടും കാര്യമില്ല –- മുസ്ലിംലീഗ് സംസ്ഥാന ജറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപത്തിന് മറുപടിയായി ജിഫ്രിതങ്ങൾ പറഞ്ഞു.
സമസ്ത എറണാകുളം ജില്ലാകമ്മിറ്റി വെള്ളിയാഴ്ച രാത്രി മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച മദ്ഹു റസൂൽ സംഗമം ഉദ്ഘാടനം ചെയ്തായിരുന്നു ജിഫ്രി തങ്ങൾ ലീഗ് നേതാവിന് മറുപടി പറഞ്ഞത്. പ്രസംഗത്തിൽ നിന്ന്: ‘‘ഭരിക്കുന്നവരുമായി സൗഹൃദത്തിൽ പോകണമെന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണ്. ആ നിലക്ക് ഭരിക്കുന്നവരുമായി നല്ല ബന്ധമാകും. ഭരിക്കുന്നവരുടെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ പറയും. ചിലപ്പോൾ ഫോണിൽ വിളിക്കും. ചിലപ്പോൾ നേരിട്ട് സംസാരിക്കും. അതൊക്കെ ആക്ഷേപമായി പറയുന്നത് മാന്യതയല്ല’’–-ജിഫ്രിതങ്ങൾ വ്യക്തമാക്കി.
സലാമിന്റെ അധിക്ഷേപത്തിൽ സമസ്ത പോഷകസംഘടനാ നേതാക്കളടക്കം 21 മതപണ്ഡിതർ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങൾക്കും കഴിഞ്ഞ ദിവസം പ്രതിതിഷേധകത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജിഫ്രിതങ്ങൾ ലീഗിന് പരസ്യ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തയെ നിയന്ത്രണത്തിലാക്കാനുള്ള ലീഗിന്റെ നീക്കങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.