2023ലെ ഏകദിന ലോകക്കപ്പിൽ ഇന്ത്യ എവിടെവരെ പോകും എന്നതിൽ കാണികളേക്കാൾ ആശങ്കയിലാണ് ക്രിക്കറ്റിന്റെ വിപണി. വാതുവെപ്പുകാർ ഇന്ത്യയുടെ സാധ്യത വളരെ പ്രകാശമാനമാണെന്നു കാണുന്നു.
കൃത്യമായ ഇടവേളകളിലാണ് കാണികൾ ക്രിക്കറ്റിലെ സാധ്യതകളെപ്പറ്റി മനോരഥങ്ങൾ കാണുന്നത്. മൂന്നോ നാലോ വിക്കറ്റുകൾ വീണാലും അടുത്ത കളിക്കാരനിൽ അവർ ഒരു രക്ഷകനെ പ്രതീക്ഷിക്കുന്നുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ അസാധ്യമെന്നു തോന്നുന്ന സാധ്യതകളുടെ തിയ്യേറ്ററാണ്.
ഓരോ ബോൾ ഡെലിവറിയും ഓരോ നാടകമൊരുക്കുന്നു. ആ ഡെലിവറിയുടെ ഇടവേളകളാണ് വിപണിയുടെ സ്വപ്നഭൂമി. ഇന്ത്യക്കുവേണ്ടി വിരാട് കോലി ക്രീസിൽ നിൽക്കുമ്പോൾ എതിരാളിയുടെ ഒരു യോർക്കർ മുട്ടിയുരുമ്മി പുറത്തേക്ക് പോവുമ്പോൾ ടിവി കാണുന്ന ഇന്ത്യക്കാർക്ക് നിരാശ തോന്നുന്നുണ്ടാവും. പക്ഷെ അടുത്ത പന്തിനുമുമ്പ് കോലി ടെലിവിഷൻ സ്ക്രീനിൽ എംആർഎഫ്. ടയറുമായി പ്രത്യക്ഷപ്പെടുന്നു.
ചിലപ്പോൾ, പുറത്താകലിന്റെ നിരാശയിൽ ബാറ്റ് നിലത്തടിച്ച് കോലി മടങ്ങുമ്പോഴാവും സ്ക്രീനിൽ അനുഷ്ക്കയുമൊന്നിച്ച് ഒരു ഹീറോ ബൈക്കിൽ പുറപ്പെടുക! ആ കൊമേഴ്സ്യൽ നമ്മുടെ വിചാരങ്ങളെയാണ് അട്ടിമറിക്കുന്നത്.
ബ്രിട്ടീഷുകാരൻ കൊണ്ടുവന്ന ഈ കളി സ്വാതന്ത്ര്യലബ്ധിക്കുശേഷവും നാം കൊണ്ടുനടന്നു. ഇപ്പോഴത് ശരാശരി ഇന്ത്യക്കാരന്റെ ഒരുദിവസം തന്നെയോ, ദിവസങ്ങൾ തന്നെയോ അപഹരിച്ചുകൊണ്ട് സ്വീകരണമുറിയിലെ ടെലിവിഷനുകളിൽ ലൈവായി ഓടിക്കൊണ്ടിരിക്കുന്നു. ഈ ലോകക്കപ്പിലും നാമതുകാണും. ഓരോ ഇന്ത്യൻ ക്രിക്കറ്റും ഇക്കാലത്ത് ഓരോ ഐക്കണാകുന്നു. അവന്റെ ജീവിതം, റൊമാൻസ്, ഇഷ്ടങ്ങൾ, കുടുംബം, കാർ, വീട്, എൻഡോഴ്സ്മെന്റുകൾ, എല്ലാം പുതു തലമുറയുടെ സ്മാർട്ട് ഫോണിൽ ഒരു കൈവിരൽ സ്പർശനത്തിനുവേണ്ടി കാത്തു കിടക്കുന്നു. അയാളുടെ സ്ഥിതിവിവരക്കണക്കുകൾ ആരെയും ക്രിക്കറ്റ് പണ്ഡിതരാക്കും.
2023ലെ ഏകദിന ലോകക്കപ്പിൽ ഇന്ത്യ എവിടെവരെ പോകും എന്നതിൽ കാണികളേക്കാൾ ആശങ്കയിലാണ് ക്രിക്കറ്റിന്റെ വിപണി. വാതുവെപ്പുകാർ ഇന്ത്യയുടെ സാധ്യത വളരെ പ്രകാശമാനമാണെന്നു കാണുന്നു. കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന ടീം വീണുപോയാൽ, അവർ ചിരിക്കും. അവരുടെ കറൻസി ചെസ്റ്റിലേക്ക് വളരെ വേഗം പ്രതീക്ഷിക്കാത്ത പണം പ്രവഹിച്ചുകൊണ്ടിരിക്കും.
ഗ്രീക്ക് ട്രാജഡിയെപോലെയാണ് ഈ വാതുവെപ്പിന്റെ രഹസ്യം. ഉന്നതശീർഷനായ നായകൻ പരാജിതനായി താഴേക്ക് വീഴുമ്പോഴാണ് ട്രാജഡിയുടെ ആഴം കൂടുക. ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കായിക രൂപമല്ല. അത്, ലോക മാർക്കറ്റിനോട് ചേർന്നുകിടക്കുന്ന വിനോദകായികരൂപമാണ്.
ലോകക്കപ്പ് ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ബോളിവുഡിന്റെ ജനപ്രീതിപോലും പിന്നിലാവും. വിപണി ഇന്ന് ഏതെങ്കിലുമൊരു ബ്രാന്റിനെ മാർക്കറ്റിലെത്തിക്കാൻ കായികതാരങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇന്ത്യയിലെ പോപ്പുലൻ താരങ്ങളെ അവർ കൂടുതൽ ആശ്രയിക്കുന്നു.
അവർ ബ്രാന്റ് അംബാസഡർമാരായി വലിയ കോർപ്പറേറ്റു ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നു. സച്ചിൻ ടെണ്ടുൽക്കർ, ഗാംഗുലി, ദ്രാവിഡ്, ധോണി, കോലി തുടങ്ങിയവരൊക്കെ ടൂത്ത്പേസ്റ്റ് മുതൽ ആഡംബര കാർ വില്ക്കാൻ വരെ നമ്മുടെ മുന്നിൽ എത്തുന്നുണ്ട്. സ്ക്രീനിൽ, സോഷ്യൽമീഡിയയിൽ പരസ്യപ്പേജുകളിൽ അവർ സദാ സമയവുമുണ്ട്.
സോഷ്യൽമീഡിയ അവർക്കുചുറ്റും വണ്ടുകളെപോലെ പറന്നുനടക്കുന്നു. ഇന്ത്യയിലെ ചലചിത്ര വിപണിയുടെ പ്രമോഷനുകളിൽപോലും ക്രിക്കറ്റർമാർക്കാണ് വലിയ റോളുകളുള്ളത്.
നീരജ് ചോപ്ര
ഒളിംപിക്സിൽ ചരിത്രപ്രധാനമായ ഒരു വിജയം കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കുപോലും ഈ സ്വീകാര്യതയില്ല എന്നോർക്കുക. നീരജ് ചോപ്ര മറ്റൊരു ജനുസ്സാണ്. ക്രിക്കറ്റ് അടർത്തിമാറ്റാനാവാത്ത ഒരു കായികപ്രതിഭാസമായി, ഇന്ത്യൻ ജീവിതത്തോടൊപ്പം ഒട്ടിച്ചേർന്നിരിക്കുന്നു.
ഈ ലോകക്കപ്പിന് മറ്റു രാജ്യങ്ങളൊക്കെ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യ ഓസ്ട്രേലിയയുമായി ഏകദിനം കളിക്കുകയാണ്. ഇതിനിടയിൽ ഏതെങ്കിലുമൊരു താരത്തിനു പരിക്ക് പറ്റിയാൽ ലോകക്കപ്പിൽ ഇന്ത്യയുടെ സാധ്യത അപകടത്തിലാവും എന്ന ചിന്തയൊന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഇല്ല എന്നു വിചാരിക്കണം. ഇന്ത്യയിൽ നടക്കുന്ന ഈ ഏകദിന പരമ്പരയിലെ സ്പോൺസർഷിപ്പിലും ടിവി റൈറ്റിലും എൻഡോഴ്സുമെന്റിലുമാണ് അവരുടെ കണ്ണ്.
ഇന്ത്യൻ ടീമിൽ സ്ഥിരതയാർന്ന ഒരു നാലാം നമ്പറുകാരനുവേണ്ടി പരിശീലകൻ തലപുകയ്ക്കുമ്പോഴാണ് വരുമാനത്തിൽ കണ്ണുവെച്ചുകൊണ്ട് അവരുടെ ‘വാമപ്പ്’ ടൂർണമെന്റ് നടക്കുന്നത്. ബിസിസിഐ യ്ക്ക് ക്രിക്കറ്റ് ഷെഡ്യൂൾ ഇടമുറിയാത്ത കാര്യമാണ്.
8000 കോടി വാർഷികവരുമാനമുള്ള ബോർഡിന് 4000 കോടി ചെലവുവന്നാലും 1170 കോടി ആദായനികുതി അടച്ചാലും കൂടുതൽ ലാഭക്കണക്കുകളുമായി അവർ ബന്ധപ്പെട്ടുകൊണ്ടിരിക്കും. കോവിഡ് വ്യാപനത്തിനുശേഷം 2021ൽ 36 മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം അതേവർഷം 67 മത്സരങ്ങളാണ് കളിച്ചത്!
ക്രിക്കറ്റിലെ ഈ വിപണിയുടെ സാധ്യതയെ ആദ്യം കണ്ടെത്തിയത് കെറി ഫ്രാൻസിസ് ബുൾമോർ പാർക്കർ എന്ന മാധ്യമ മുതലാളിയാണ്.
കെറി പാർക്കർ
പബ്ലിഷർ കൂടിയായ കെറി പാർക്കർ 9 നെറ്റ്വർക്ക് എന്ന ചാനലിന്റെയും ഉടമ കൂടിയായിരുന്നു. കളർ ടെലിവിഷൻ സെറ്റുകളുടെ വർദ്ധനയോടൊപ്പം കെറി പാർക്കറിന്റെ മനസ്സിലും ചില സാധ്യതകൾ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു.
കളർ ടെലിവിഷന്റെ വീടുകളിലേക്ക് ക്രിക്കറ്റിനെ കടത്തിവിടാനുള്ള രക്ഷാമാർഗമായി പാർക്കർ കണ്ടു. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായം, ക്രിക്കറ്റ് കൺട്രോൾബോർണിനു പണമുണ്ടെങ്കിലും കളിക്കാർക്ക് പണം കിട്ടുന്നില്ല എന്നായിരുന്നു. ഈ വലയിൽ വമ്പൻ താരങ്ങൾ മുഴുവൻ അകപ്പെട്ടു.
പാർക്കർ, ഓസ്ട്രേലിയയെ മാത്രമല്ല ലോകക്രിക്കറ്റ് രാഷ്ട്രങ്ങളെ മുഴുവനും ഞെട്ടിച്ചുകൊണ്ട് എഴുപതുകളിലെ ഇതിഹാസതാരങ്ങളെ വേൾഡ് ക്രിക്കറ്റ് സീരീസിൽ അണിനിരത്തി ഓസ്ട്രേലിയൻ രാഷ്ട്രീയനേതാവ് ഇതിനെ പാർക്കർ സർക്കസ് എന്ന് വിളിച്ചെങ്കിലും ശങ്കയില്ലാതെ, ക്രിക്കറ്റർമാരും, ഉല്പന്നങ്ങളുടെ പ്രതിനിധികളും വേൾഡ് സീരീസിലേക്ക് ഒഴുകി.
തീംസോങ്ങ്, വർണശബളമായ ജെഴ്സി. ടിവിറൈറ്റ്, ലോഗോ, ലൈവ് കവറേജ്, നൈറ്റ് മാച്ച് തുടങ്ങിയ ക്രിക്കറ്റിന്റെ എല്ലാമേഖലകളിലും പാർക്കർ വിപണനസാധ്യതകൾ കണ്ടെത്തി. ഇതിന്റെ പ്രതിഫലനങ്ങൾ പിന്നീട് ഐസിസിടൂർണമെന്റുകളിൽ കണ്ടു. ഇന്ത്യ അപ്പോഴും ഡൽഹി ഏഷ്യാഡിന്റെയും ഹോക്കിയുടെയും ചെറിയ വിജയങ്ങളിൽ സംതൃപ്തികൊള്ളുകയായിരുന്നു.
1978ൽ ടെലിവിഷൻ സെറ്റുകൾ നാടിന്റെ വിദൂരദേശങ്ങളിലേക്ക് യാത്ര തുടങ്ങി. 82ൽ ഏഷ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോൾ നാട് അത് മുഴുവൻ ഏറ്റെടുത്തു. ഫുട്ബോളും ഹോക്കിയും അതിന്റെ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. 1928 മുതൽ 1956 വരെ എല്ലാ ഒളിംപിക്സിലും
ധ്യാൻ ചന്ദ്
സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ധ്യാൻചന്ദിനുശേഷം ഒരു ഹോക്കി ഐക്കൺ ഉണ്ടായില്ല.
അന്തിമമായ വേഗതയേറിയ യൂറോപ്യൻ ഹോക്കി അസ്ട്രോ ടർഫിൽ, അരങ്ങേറിയതോടെ ഹോക്കിയുടെ സ്വഭാവംതന്നെ മാറി. 1975ൽ ഹോക്കി ലോകകപ്പ് കിരീടവും 1980ൽ ഒളിമ്പിക് സ്വർണവും നേടിയശേഷം ഹോക്കിക്ക് വിജയ തുടർച്ചയുണ്ടായില്ല. 1962ലെ ഏഷ്യൻ ഫു്ട്ബോൾ കിരീടത്തിനുശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ലോകം പ്രവിശ്യകളിൽ ഒതുങ്ങിനിന്നു.
കൽക്കത്ത ലീഗിലെ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ മൊഹമ്മദൻ സ്പോർട്ടിങ്ങ് പോരാട്ടങ്ങൾ, കേരളത്തിലെ വിവിധ ട്രോഫികൾക്കുവേണ്ടിയുള്ള ക്ലബ്ബ് ഫുഡ്ബോൾ ടൂർണമെന്റുകൾ, ഇന്ത്യയിലെ പട്ടാളക്ലബ്ബുകളുടെ പോരാട്ടങ്ങൾ, ഗോവൻ ക്ലബ്ബുകളുടെ ഉദയം എന്നിവയിൽ ഒതുങ്ങിനിന്നു ഫുട്ബോൾ.
ലീഡേഴ്സ് ക്ലബ്ബ്, ബിഎസ്എഫ്, ആർഎസി ബിക്കാനിർ, എംആർസി വെല്ലിങ്ടൺ, വാസ്കോ ഗോവ, ഡെംപോ, പട്ടാള ടീമുകളായ എഎസ്സി, എംഇജി, എൽആർഡിഇ, ടൈറ്റാനിയം, അലിൻഡ് കുണ്ടറ, പ്രീമിയർ ടയേഴ്സ്, സ്പിരിറ്റഡ് യൂത്ത്സ് തുടങ്ങിയ ക്ലബ്ബുകൾ ഫുട്ബോൾ കമ്പത്തിന്റെ തിരി അണയാതെ സൂക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, 1982ലെ ലോകക്കപ്പ് ഫുട്ബോൾ സംപ്രേഷണം ആധുനിക ഫുട്ബോളിന്റെ സൗന്ദര്യം നമ്മുടെ മുമ്പിൽ കുടഞ്ഞിട്ടു.
1983 ലെ ലോകകപ്പിൽ സിംബാബ്വെക്ക് എതിരെ കപിൽദേവിന്റെ ബാറ്റിങ്
സീക്കോ, സോക്രട്ടീസ്, മാറഡോണ, പ്ലറ്റീനി തുടങ്ങിയവരുടെ പുറപ്പാടുകൾ ലോകം കണ്ടു. ഇന്ത്യൻ ഫുട്ബോളിലുള്ള അവിശ്വാസം ആരാധകർ പ്രകടിപ്പിച്ചതോടെ ക്ലബ്ബുകളുടെ കാലം അസ്തമിച്ചുതുടങ്ങി. ഇന്ത്യയുടെ അഭിശപ്തമായ ബ്യൂറോക്രസി, ഫുട്ബോളിനേയും ഹോക്കിയേയും കുറ്റകരമാംവിധം കൈവിട്ടു.
1983ൽ ലോകക്കപ്പ് തുടങ്ങുമ്പോൾ, ഗ്രെയിൻസ് നിറഞ്ഞ ടെലിവിഷൻ സെറ്റുകളിലൂടെ ഇന്ത്യ ആ കളി കണ്ടു. ലൈവ് കവറേജ് എന്ന കാഴ്ചയുടെ ഉത്സവത്തിൽ ഇന്ത്യക്കാരും പങ്കാളിയായി.
ലോകക്കപ്പിനു 72 ദിവസംമുമ്പ് കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ, പ്രബലരായ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചപ്പോൾ അതൊരു ആധികാരിക വിജയമായി ആരും കണക്കാക്കിയിരുന്നില്ല. ഇന്ത്യയുടെ ഫീൽഡിങ്ങോ കളിക്കാരുടെ സംഘടിതമായ പോരാട്ടവീര്യമോ ഒട്ടും മെച്ചമായിരുന്നില്ല. എന്നിട്ടും വമ്പന്മാർ ഇന്ത്യയോട് അടിയറവ് പറഞ്ഞു.
ലോകക്കപ്പിന്റെ ആദ്യമത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചപ്പോൾ ലോകം ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. കാരണം വിൻഡീസിന്റെ ലൈനപ്പ് ഇതിഹാസതാരങ്ങളുടെ ലൈനപ്പായിരുന്നു. ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്സ്, ഗ്രീനിഡ്ജ്, ഹെയ്ൻസ്, ബാക്കസ്, ഡുജോൺ തുടങ്ങിയ ബാറ്റർമാർ, മൈക്കേൽ ഹോൾഡിങ്ങ്, ആന്റി റോബർട്ട്സ്, മാർഷൽ, ഗാർനർ തുടങ്ങിയവർ ഉൾപ്പെട്ട ബൗളിങ്ങ് നിര.
അവർ തോൽക്കുന്നതെങ്ങനെ? ആ ലോകക്കപ്പിൽ ഇന്ത്യയുടെ വിജയസാധ്യത 66ൽ ഒന്നു മാത്രമായിരുന്നു. പാക്കിസ്ഥാൻപോലും ഇന്ത്യയേക്കാൾ മികച്ച ടീമായാണ് പരിഗണിക്കപ്പെട്ടത്. രണ്ടേ രണ്ടു ക്രിക്കറ്റ് പണ്ഡിതന്മാർ മാത്രമാണ് ഇന്ത്യ അത്ര ചെറിയ മീനല്ല എന്ന് ദീർഘദർശനം ചെയ്തത്.
വിവിയൻ റിച്ചാർഡ്സ്
ഒരാൾ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്ട്സ് എഡിറ്ററായ സുന്ദർരാജനായിരുന്നു. ‘ക്രക്കറ്റിൽ ഇന്ത്യ ഒരു സാമന്തരാജ്യമായിരിക്കാം. പക്ഷെ ആ ടീമിന് ഇപ്പോൾ അതിജീവനശേഷിയും വൈവിധ്യവുമുണ്ട്.
ഓൾ റൗണ്ടർമാരുടെ ഒരു നിരയുള്ളത് ടീമിന് ഗുണം ചെയ്തേക്കും. ഏകദിനക്രിക്കറ്റ് കളിച്ചുള്ള പരിചയക്കുറവും ഫീൽഡിങ്ങിലെ ഏകാഗ്രതക്കുറവുമാണ് ടീമിന്റെ പോരായ്മകൾ. സമീപകാലത്തെ വിജയങ്ങളെ ഒറ്റപ്പെട്ടതായി കണക്കാക്കരുത്. ടീം മെച്ചപ്പെട്ടതിന്റെ സൂചനകൾ പ്രതീക്ഷ നൽകുന്നതാണ്.’ സുന്ദർരാജൻ എഴുതി.
ടൂർണമെന്റിനുതൊട്ടുമുമ്പാണ് ഏകദിനക്രിക്കറ്റിലെ മൂന്നുമത്സരങ്ങളിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തത്. പാക്കിസ്ഥാനോട് 3‐1നു തകരുകയും ചെയ്തിരുന്നു. ഈ മത്സരങ്ങളും വിൻഡീസിനെ തോല്പിച്ച മികവും വിലയിരുത്തിയതാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിം ഹ്യൂസ് ഇന്ത്യയാണ് ടൂർണമെന്റിലെ കറുത്ത കുതിരകളെന്ന് വിലയിരുത്തിയത്.
എങ്കിലും ഈ പ്രവചനവും ഇന്ത്യക്കാർ അവിശ്വാസത്തോടെയാണ് കണ്ടത്. ആദ്യത്തെ മത്സരത്തിൽ 60 ഓവറിൽ എട്ട് വിക്കറ്റിന് ഇന്ത്യ 262 റൺസെടുത്തു. യശ്പാൽ ശർമ (89), സന്ദീപ് പാട്ടീൽ (34), ബിന്നി (27), അമർനാഥ് (21) എന്നിവരൊക്കെ ഇന്ത്യയുടെ നില ഭദ്രമാക്കി.
ബൗളിങ്ങ് ബാറ്ററി കൃത്യമായി പ്രവർത്തിച്ചത് അന്നായിരുന്നു. ബൽവിന്ദർ സന്തു, അമർനാഥ്, രവിശാസ്ത്രി, ബിന്നി, മദൻലാൽ എന്നിവർ കപിൽദേവിന്റെ നേതൃത്വത്തിൽ സ്ഥിരതയാർന്ന ബൗളിങ്ങ് കരുതിവെച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും കപിലിനെപോലെ മറ്റൊരു രഹസ്യായുധം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് മേധാവികൾ എന്നും അണ്ടർ റേറ്റ് ചെയ്ത മൊഹിന്ദർ അമർനാഥ്.! വിവ് റിച്ചാർഡ്സും ക്ലൈവ് ലോയ്ഡും അടിതെറ്റിയ ആ മത്സരത്തിൽ വീരോചിതമായി പൊരുതിയത് വാലറ്റത്തെ ആന്റിറോബർട്ട്സും (37), ജോയൽ ഗാർനറുമായിരുന്നു (37). പക്ഷെ മറുപടിമത്സരത്തിൽ വിവ് റിച്ചാർഡിസ് 119 റൺസോടെ അപ്രതിരോധ്യനായി നിന്നു. ക്ലൈവ് ലോയ്ഡ് 27 റൺസോടെ മികച്ച പിന്തുണ നൽകി.
ഇന്ത്യയുടെ അമർനാഥിന്റെയും (80), കപിൽദേവിന്റെയും (46) ഇന്നിങ്ങ്സുകൾ പാഴായി. പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയോടും തോറ്റു. ട്രെവൽ ചാപ്പലും (119) കിംഹ്യൂസും (52) വാലറ്റത്തെ ഗ്രഹാംയാലവും (66) ഇന്ത്യയെ തകർത്തുകളഞ്ഞു. ഓസ്ട്രേലിയ 9 വിക്കറ്റിന് 320 എന്ന കൂറ്റൻ സ്കോറിൽ നങ്കൂരമിട്ടു. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങ് 37.5 ഓവറിൽ 158 റൺസിനു അവസാനിച്ചു. ശ്രീകാന്തും (39) ക്യാപ്റ്റൻ കപിലും (40) മാത്രമാണ് പിടിച്ചുനിന്നത്. അതോടെ കാണികളും ലോകവും ഇന്ത്യയെ കൈവിട്ടു.
(ദേശാഭിമാനി വാരികയിൽ നിന്ന്)
പക്ഷെ ഹരിയാണയിൽനിന്നുവന്ന കൊടുങ്കാറ്റ് വീശിത്തുടങ്ങിയിരുന്നില്ല. കപിൽ ടീമിനെ വിശ്വസിച്ചു. ഒരു ഘട്ടത്തിൽ കപിൽ പറഞ്ഞു. ‘നമ്മുടെ സാധ്യതകൾ നാം തന്നെ ഇല്ലാതാക്കുന്നത് വലിയൊരു ദുരന്തമാണ്. നമ്മൾ പരാജിതരാവരുത്. പോരാളികളാവണം.’ സിംബാബ്വെയുമായുള്ള നിർണായകമത്സരത്തിൽ ഇന്ത്യയുടെ മുമ്പിൽ രണ്ടുചോദ്യങ്ങൾ ഉയർന്നു. ഈ മത്സരത്തിൽ ഇന്ത്യ ജയിച്ചില്ലെങ്കിൽ, ടൂർണമെന്റിൽനിന്നു പുറത്താവും. മറ്റൊന്ന് സിംബാബാവെക്കുമുമ്പിൽ കീഴടങ്ങുന്നതോടെ, ക്രിക്കറ്റിൽ ഇന്ത്യയുടെ കരിയർ ഗ്രാഫ് നിർണയിക്കപ്പെടും.
പക്ഷെ നെവിൽഗ്രൗണ്ടിലെ ടേൺ ബ്രിഡ്ജിൽ വിധി മറ്റൊന്നു കരുതിവെച്ചു. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ലൈവായി കവർ ചെയ്യാൻ ഭൂരിഭാഗം പോയി. ബിബിസിയുടെ ടെക്നീഷ്യന്മാർ പണി മുടക്കിയതോടെ ഇന്ത്യയുടെ ലൈവ് കവറേജ് മുടങ്ങി. കൊടിയ തണുപ്പിൽ പീറ്റർ റാവ്സണും കെവിൻ കറനും നല്ല താളം കണ്ടെത്തി. ഗവാസ്ക്കർ പൂജ്യം, ശ്രീകാന്ത് പൂജ്യം, അമർനാഥ് അഞ്ച്, സന്ദീപ് ഒന്ന്, യശ്പാൽ ഒമ്പത്. ഇന്ത്യ 17ന് അഞ്ച് വിക്കറ്റ് കളഞ്ഞുകുളിച്ചു.
ടേൺബ്രിഡ്ജിൽ കുറച്ചു ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പുതിയ ക്യാപ്റ്റൻ ടീമിനെ കരകയറ്റുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽപോലും കപിൽ അഞ്ച് സെഞ്ച്വറിയിൽ കൂടുതൽ നേടിയിട്ടില്ല. എന്നാൽ രാംലാൽ നികഞ്ചിന്റെ മകന് അപ്പോഴും ഗ്രീക്ക്നായകൻ അഖില്ലസിനെപോലെ ഹൃദയത്തിൽ പോരാട്ടവീര്യം ബാക്കിയുണ്ടായിരുന്നു.
ടേൺബ്രിഡ്ജിൽ കുറച്ചു ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പുതിയ ക്യാപ്റ്റൻ ടീമിനെ കരകയറ്റുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽപോലും കപിൽ അഞ്ച് സെഞ്ച്വറിയിൽ കൂടുതൽ നേടിയിട്ടില്ല. എന്നാൽ രാംലാൽ നികഞ്ചിന്റെ മകന് അപ്പോഴും ഗ്രീക്ക്നായകൻ അഖില്ലസിനെപോലെ ഹൃദയത്തിൽ പോരാട്ടവീര്യം ബാക്കിയുണ്ടായിരുന്നു. ”വിഭജനകാലത്ത് എന്റെ പിതാവും കുടുംബവും പാക്കിസ്ഥാൻ അതിർത്തി കടന്ന് ഫസൽക്കയിൽ എത്തിയ ആ കൊടിയ യാതന ഓർക്കുകയായിരുന്നു ഞാൻ.
അതിനേക്കാൾ വലിയതൊന്നുമല്ല ഇതൊന്നും.” പിൽക്കാലത്ത് കപിൽ ഓർമ്മിച്ചു. ടേൺബ്രിഡ്ജിൽ ആദ്യത്തെ പന്തുകൾ തികഞ്ഞ സൂക്ഷ്മതയോടെ നേരിട്ടശേഷം കപിൽ രക്ഷാപ്രവർത്തനം തുടങ്ങി. മോശം പന്തുകൾക്ക് കപിൽ തികഞ്ഞ ശിക്ഷ നടപ്പാക്കി. ആദ്യത്തെ 26 പിന്തുകളിൽ അമ്പതുതികച്ചു. പിന്നെ സ്റ്റേഡിയം കണ്ടത് താണ്ഡവമായിരുന്നു.
മദൻലാലും ബിന്നിയും കിർമാണിയും നല്ല പിന്തുണ നൽകിയപ്പോൾ കപിൽ അക്രമാസക്തനായി. ആറുസിക്സുകളും 14 ബൗണ്ടറികളും ടേൺബ്രിഡ്ജിനെ ചൂടുപിടിപ്പിച്ചു. 136 പന്തിൽ 175 റൺസ്. നോട്ടൗട്ട്. നിർണായകയുദ്ധത്തിൽ ക്യാപ്റ്റൻ മുന്നിൽതന്നെനിന്നു ടീമിനെ നയിച്ചു.
കപിലിന്റെ ഈ പോരാട്ടമാണ് ഒരു ജനതയുടെ വിശ്വാസത്തിനുവീണ്ടും ചിറകുകൾ നൽകിയത്. നിർണായകമായ സന്ദർഭങ്ങളിൽ ഒരു ബാറ്ററോ ബൗളറോ ഇന്ത്യയുടെ രക്ഷാമാർഗം തുറക്കുമെന്ന് അവർ വിശ്വസിച്ചു. ടീമിന്റെ ഘടനയിൽ കപിൽ, മൊഹിന്ദർ, യശ്പാൽ ശർമ, ശ്രീകാന്ത്, സന്ദീപ് പാട്ടീൽ എന്നിവർ ബാറ്റുകൊണ്ടും മദൻലാൽ, ബിന്നി, ബൽവിന്ദർ സന്ധു എന്നിവർ പന്തുകൊണ്ടും ഇന്ത്യയെ നയിക്കുമെന്നൊരു ബോധ്യം വന്നു. വിക്കറ്റിനുപിന്നിൽ കിർമാണിയുടെ കൈകൾ ചോരാത്തതാണെന്ന് എല്ലാവർക്കുമറിയാമായിരുന്നു.
കപിൽ, അമർനാഥ്, ബിന്നി എന്നീ ഓൾറൗണ്ടർമാർ ടീമിന്റെ അദൃശ്യരക്ഷകരാണെന്ന് വിശ്വാസം വന്നു. അതൊരു സന്നിഗ്ധഘട്ടമായിരുന്നു. ടീമിലെ ഓരോ അംഗവും ഫീൽഡിങ്ങിലും മികവ് പുലർത്തണമെന്ന് കപിൽ നിഷ്ക്കർഷിച്ചു.
കപിൽദേവും അമർനാഥും 1983ലെ ലോകകപ്പുമായി
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും മെന്ററും കപിൽതന്നെയായിരുന്നു. പിന്നീട് കണ്ടതെല്ലാം വിജയമായൊരു പടയോട്ടമായിരുന്നു. സെമിഫൈനലിൽ ബോബ്വില്ലിങ്ങിന്റെ ഇംഗ്ലണ്ട് തകർന്നുവീണു. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ ചുരുട്ടിക്കെട്ടി ചരിത്രത്തിലാദ്യമായി ഇന്ത്യ കിരീടം ചൂടി. അതിന്റെ സ്ഥിതിവിവരകണക്കുകൾ ഇന്ന് എല്ലാവർക്കുമറിയാം.
ഇന്ത്യയുടെ ഈ ചരിത്രവിജയമാണ് പത്താംവയസിൽ സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും വീടുകളിലിരുന്ന് കണ്ടത്. സൗരവ് ഗാംഗുലിക്ക് അന്ന് പതിനൊന്ന് വയസാണ്. സെവാഗിന് 5 വയസ്. റാഞ്ചിയിലെ മഹേന്ദ്രസിങ്ങ് ധോണി അന്ന് രണ്ടുവയസുള്ള കുട്ടി. രാജ്യം മുഴുവനും ആ പതിനൊന്നു കളിക്കാരെ ഏറ്റെടുത്തു. ക്രീസിലിറങ്ങാത്ത പന്ത്രണ്ടാമൻ സുനിൽ വൽസൻപോലും ചർച്ചകളിൽ വന്നുനിറഞ്ഞു. ആ വിജയത്തിന് ഒരു മലയാളി ടച്ച് കൊണ്ടുവന്നത് സുനിലാണ്.
വരേണ്യതയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ചെറുപട്ടണങ്ങളിലേക്കും ഗ്രാമചത്വരങ്ങളിലേക്ക് അസ്പർശ്യരുടെ കോളനികളിലേക്കും സഞ്ചരിച്ചു. ഒരു ജെന്റിൽമാൻ ഗെയിം എന്ന നിലവിട്ട് പോപ്പുലർ ഗെയിം എന്ന സംജ്ഞ ക്രിക്കറ്റിന് കൈവന്നു. പാനിപൂരി വിറ്റുനടന്നിരുന്ന യശസ്വി ജയ്വാളിനും സ്വപ്നം കാണാവുന്ന വിശാലതയിലേക്ക് ക്രിക്കറ്റ് വളർന്നു. വിശപ്പുകൊണ്ട് കാളുകയായിരുന്നെങ്കിലും ഇന്ത്യക്ക് ജയിക്കാൻ കഴിയുമെന്ന വിശ്വാസം ജനതയെ ഇളക്കിമറിച്ചു.
ഇന്ത്യൻടീമിലെ ഓരോ ക്രിക്കറ്റർക്കും കഥകളുണ്ടായി. ആ അനുഭവത്തെക്കുറിച്ച് ബൽവിന്ദർ സന്ധു ഇങ്ങനെ വിശദീകരിക്കുന്നുണ്ട്.’വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽതന്നെ എന്റെ പരിചിതമല്ലാത്ത ബോളുകൾ ഗ്രീനിഡ്ജിനെ കുഴക്കിയിരുന്നു. അവിടെ ഒരു ഇൻസ്വിംഗർകൊണ്ട് ഞാൻ ഗ്രീനിഡ്ജിനെ പുറത്താക്കിയിരുന്നു. ഇവിടെയും ഞാൻ ഇൻസ്വിംഗർകൊണ്ടാണ് ഗ്രീനിഡ്ജിന്റെ ബെയിലുകൾ തെറിപ്പിച്ചത്. ഇങ്ങനെ ഞങ്ങളുടെ ഓരോ സ്പെല്ലുകളും കഥകളായി മാറി.’
യഥാർത്ഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് ഗോളാന്തരബഹുമാനം ലഭിക്കുകയായിരുന്നു. അതിന്റെ പ്രതികരണങ്ങൾ ഗ്രാമങ്ങളിൽപോലുമുണ്ടായി. മറ്റെല്ലാ കളികളെയും കുറ്റിയും കോലും പന്തുംകൊണ്ട് കുട്ടികൾ പിന്തള്ളി. ഇടവഴികളിലും ചെറിയ ലെയ്നുകളിലുമെല്ലാം ക്രിക്കറ്റ് അവിശ്വസനീയമാംവിധം കയ്യേറി. ഒരൊറ്റവർഷംകൊണ്ട് ഇന്ത്യയിൽ 1728 ക്രിക്കറ്റ് ക്ലബ്ബുകളാണ് പിറന്നത്. ഈ ക്ലബ്ബുകൾക്ക് ചെറിയ തോതിലെങ്കിലും സ്പോൺസർമാരെ ലഭിച്ചിരുന്നു.
ഇന്നും ആ ദിനങ്ങളെ എസ്കെ നായർ വികാരവായ്പോടെ ഓർക്കുന്നുണ്ട്. ‘യാതൊരു പ്രതീക്ഷയുമില്ലാത്ത ‘അണ്ടർ ഡോഗ്’ ക്രിക്കറ്റിലെ പരമോന്നത കപ്പ് നേടിയപ്പോൾ ഏറ്റവും താഴ്ന്ന തലത്തിൽതന്നെ (ഗ്രാസ്റൂട്ട് ലെവൽ) പുതിയൊരു ആവേശം പ്രകടമായി. തിരുവനന്തപുരം, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ക്രിക്കറ്റ് മറ്റു ജില്ലകളിലേക്ക് ആവേശപൂർവ്വം ചേക്കേറി. നാലുഡിവിഷനുകളിലായി അമ്പതു ക്ലബ്ബുകൾ എന്ന നിലവിട്ട് അതിവേഗം അത് 120 ക്ലബ്ബുകളായി. അതിനേക്കാൾ പ്രധാനം ക്രിക്കറ്റിന് അധികം വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് ഈ കളി വ്യാപകമായി കടന്നുചെന്നു. അതോടെ ക്രിക്കറ്റിനു പുതിയ പ്രമോട്ടർമാരുണ്ടായി.
83ൽനിന്ന് ഇന്ത്യ 87ലെ ക്രിക്കറ്റ് വേൾഡ്കപ്പിൽ ആതിഥേയരായി എത്തിയതോടെ ഇത് കൂടുതൽ സാധ്യതകളിലേക്ക് വഴിതുറന്നു. ബിസിസിഐ ലോബിയിങ്ങ് നടത്തിയാണ് ആ ലോകക്കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബിസിസിഐ ആ കപ്പിന് സ്പോൺസറെ കണ്ടെത്തി. 4.17 കോടിക്കാണ് റിലയൻസ് ലോകക്കപ്പിന്റെ അവകാശം നേടിയെടുത്തത്. സ്റ്റേഡിയം, ടെലികാസ്റ്റ് എന്നിവയ്ക്കു പുറമെ റിലയൻസ് കളിക്കാരെയും സ്പോൺസർ ചെയ്തു. ഇന്ത്യൻ ഷർട്ടുകളിൽ, ലോഗോയുടെ കാലംവന്നു. ക്രിക്കറ്റ് താരങ്ങൾക്ക് പുതിയ സ്റ്റാറ്റസ് കൈവന്നു. ഹോക്കിയിൽ അപ്പോഴേക്കും ഇന്ത്യ പിന്നാക്കംപോയിരുന്നു.
ഏഷ്യൻഗെയിംസിൽ ഇന്ത്യ പാക്കിസ്ഥാനോട് 7‐1ന് തകർന്നപ്പോൾ ക്രിക്കറ്റ് ഇന്ത്യൻ കായികരംഗത്തിന്റെ മുൻസീറ്റിലേക്ക് കയറി. 1993ലെ ഹീറോകപ്പിൽ, ജഗ്മോഹൻ ഡാൽമിയയുടെ നേതൃത്വത്തിൽ ട്രാൻസ്വേൾഡ് ഇന്റർനാഷണലുമായി കരാറുണ്ടാക്കി. ബിസിസിഐ വലിയ ആസ്തിയുള്ള കായികസ്ഥാപനമായി വളർന്നു. മറ്റു കായികരംഗം സർക്കാരിന്റെ ഗ്രാന്റിനുവേണ്ടി കാത്തുകിടന്നപ്പോൾ, സീനിയർ ക്രിക്കറ്റ് താരങ്ങൾക്ക് ബെനിഫിറ്റ് മാച്ച് നടത്തി ബിസിസിഐ മുന്നേറി.
തൊണ്ണൂറുകൾ ക്രിക്കറ്റിനോടൊപ്പം ഇന്ത്യൻ സാങ്കേതികതയും കോർപ്പറേറ്റ് കമ്പനികളും ഒപ്പം നടന്നുതുടങ്ങിയ കാലമാണ്. അനലോഗിൽനിന്ന് ഡിജിറ്റൽ യുഗത്തിലേക്ക് ഇന്ത്യ ചുവടുമാറിയ സന്ദർഭമാണിത്.
ഉദാരീകരണത്തിന്റെ ഭാഗമായി സ്വകാര്യകോർപ്പറേറ്റുകൾ എല്ലാമേഖലയിലും പിടിമുറുക്കിയതിന്റെ ഭാഗമായി, ക്രിക്കറ്റ് ഇന്ത്യയിൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ മുഖ്യഘടകമായി. ശരദ്പവാറിന്റെ വരവോടെ ക്രിക്കറ്റിലേക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കുതുടങ്ങി.
ഉദാരീകരണത്തിന്റെ ഭാഗമായി സ്വകാര്യകോർപ്പറേറ്റുകൾ എല്ലാമേഖലയിലും പിടിമുറുക്കിയതിന്റെ ഭാഗമായി, ക്രിക്കറ്റ് ഇന്ത്യയിൽ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ മുഖ്യഘടകമായി. ശരദ്പവാറിന്റെ വരവോടെ ക്രിക്കറ്റിലേക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കുതുടങ്ങി. അതുപിന്നീട് ജെയ്റ്റിലിയിലേക്കും രാജ്നാഥ് സിങ്ങിലേക്കും വന്നുചേർന്നു. 1993വരെ ഫോബ്സ് പട്ടികയിൽ ഇന്ത്യൻ ബില്ല്യണയർ ഇല്ലായിരുന്നു. ആഗോളീകരണത്തിന്റെ വരവോടെ മൂന്നുശതകോടീശ്വരന്മാർ ഉണ്ടായി. 2013ൽ അത് 56 ആയി വളർന്നു. ഇപ്പോൾ അത് 166ൽ എത്തിനിൽ്ക്കുന്നു.
ക്രിക്കറ്റ് രംഗത്തേക്ക് കോർപ്പറേറ്റുകൾ വന്നതുപോലെ, വെള്ളിത്തിരയിലെ മിന്നും താരങ്ങളും ക്രിക്കറ്റ് രംഗത്തേക്ക് വരാൻ തുടങ്ങി. ഖാൻമാരുടെ വരവ് (അമീർ, ഷാറൂഖ്, സൽമാൻ) ഈ ഒഴുക്കിനു വേഗത കൂട്ടി. സിനിമയുടെ പാക്കേജിങ്ങിൽ മാറ്റം വന്നതുപോലെ, ക്രിക്കറ്റിനും അടിമുടി മാറ്റം വന്നു. ക്രിക്കറ്റ് ക്രീസിലേക്ക് സെലിബ്രിറ്റി ക്രിക്കറ്റുമായി താരങ്ങൾ നിരന്നു. ക്രിക്കറ്റ് ഒരു ദേശീയ വികാരമായി വളർത്തുന്നതിൽ കോർപ്പറേറ്റുകളും രാഷ്ട്രീയനേതൃത്വവും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ബോളിവുഡും ഹോളിവുഡും മോളിവുഡുമൊക്കെ അതിന്റെ ഭാഗമായി. ട്രെന്റുകളും ബ്രാന്റുകളും പ്രചരണവും ലൈവ് ടെലകാസ്റ്റും അതിനു ജനപ്രിയത കൂട്ടി. 1983നുശേഷം ഇന്ത്യൻ സിനിമയിൽ ക്രിക്കറ്റ് ഇതിവൃത്ത സിനിമകളുടെ പ്രവാഹം തന്നെയുണ്ടായി.
ഇന്ന് ക്രിക്കറ്റ് അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും ആഗോളക്കമ്പനികളുടെ കച്ചവടക്കണ്ണുകളുടെയും കപടമായ രാജ്യാഭിമാനത്തിന്റെയും വേദിയായി മാറിയിട്ടുണ്ട്. താരങ്ങൾ സെലിബ്രിറ്റികളായി മാറിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് വിരാട്കോലിക്കാണ്. 1000 കോടിക്കുമുകളിൽ വരുമാനമുള്ള ലോകത്തിലെ 100 അത്ലറ്റുകളിൽ ഒരാളാണ് കോലി. അതിൽ എത്രയോ താഴെ കിടക്കുന്ന ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽഛേത്രിയുടെ വരുമാനം 12 കോടിയാണ്. ഐപിഎല്ലിൽ ഒരു പുതുതാരം തുടക്കത്തിൽ നേടുന്നത് ഇരുപതോ മുപ്പതോ ലക്ഷമാണെങ്കിലും ഒരു സീസൺ കഴിഞ്ഞാൽ അവന്റെ വില ഒരു കോടിക്കുമുകളിലാണ്.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലെ ഒരംഗം 15 വർഷം കളിച്ചാൽ നേടുന്ന തുകയാണിത്. 2000 മുതൽ 2022 വരെയുള്ള ഇന്ത്യൻ കായിക റവന്യൂവിന്റെ 85 ശതമാനവും വരുന്നത് ഐപിഎൽ ക്രിക്കറ്റിൽനിന്നാണ്. എൻഎഫ്എൽ. (യുഎസ്.റഗ്ബി.) കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഐപിഎൽ. ക്രിക്കറ്റിനാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ വാർഷിക ബജറ്റ് 14000 കോടിയുടേതാണ്.
ഫുട്ബോളിന് ഇന്ത്യ നീക്കിവെച്ചത് വെറും 30 കോടി രൂപയാണ്. ഇന്നത്തെ സർക്കാരിന്റെ കായികവകുപ്പ് ഫുട്ബോൾ, ടിടി, അത്ലറ്റിക്സ് തുടങ്ങിയവയുടെ വാർഷികബജറ്റ് വെട്ടിക്കുറക്കുകയാണ് ചെയ്തത്. ക്രിക്കറ്റിലെ അനധികൃത വാതുവെപ്പിൽമാത്രം ഇന്ത്യയിൽ 3000 കോടിയുടെ ഇടപാടുണ്ട്. പുതിയ മാച്ചുബുക്കുകളിൽ ബെറ്റ് 365, പിന്നക്കിൾ, വില്യം ഹിൽ തുടങ്ങിയ ബുക്കുമേക്കേഴ്സ് ഇന്ത്യൻ വിപണിയെതന്നെയാണ് നമ്പർ വൺ ആയി കരുതുന്നത്. അവരുടെ വിജയസാധ്യതയിൽ ഇന്ത്യ 9/4 ഓസ്ട്രേലിയ 9/2 ഇംഗ്ലണ്ട് 10/3 പാക്കിസ്ഥാൻ 7/1 എന്നിങ്ങനെയാണ് രാജ്യങ്ങളുടെ ക്രമം. ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണെന്ന് ആരാണ് പറയാത്തത് .