കോഴിക്കോട്> പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധവുമായി സമസ്ത കേരള ജംഇയ്യത്തുല് ഉലമ. സലാമടക്കമുള്ളവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് സമസ്ത നേതാക്കള് പ്രതിഷേധ കത്തും നല്കി.
സലാം കഴിഞ്ഞ ദിവസം ജിഫ്രി തങ്ങളെ അധിക്ഷേപിച്ചതില് പ്രതിഷേധമറിയിച്ചാണ് കത്ത്. സമസ്തയെ വരുതിയിലാക്കാന് പല വിധത്തില് ലീഗ് ശ്രമിക്കുന്നതിനിടയിലാണ് പരസ്യ പ്രതിഷേധവുമായി നേതാക്കളുടെ രംഗപ്രവേശം.
സമസ്തയേയും നേതാക്കളെയും പൊതുവേദിയില് ലീഗിന്റ ഉത്തരവാദപ്പെട്ടവര് നിരന്തരമായി പരിഹസിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുന്നതായി കത്തിലുണ്ട്. മലപ്പുറത്ത് വാര്ത്താ സമ്മേളനത്തിലെ പി എം എ സലാമിന്റെ പരാമര്ശം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ധര്മ്മടത്ത് പൊതുയോഗത്തില് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് കല്ലായിയും ആക്ഷേപിച്ചു.
സുന്നി പ്രസ്ഥാനത്തിനെതിരായ തുടര്ച്ചയായ ഈ അധിക്ഷേപം പ്രതിഷേധാര്ഹമാണ്. ഇത് മുസ്ലിം ഉമ്മത്തിനെ തകര്ക്കും. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്, അഖിലേന്ത്യാ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്ക്ക് നല്കിയ കത്തില് വ്യക്തമാക്കി.
സമസ്ത യുവജന സംഘടനയായ എസ് വൈ എസിന്റെ ജനറല് സെക്രട്ടറി മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി, വര്ക്കിംഗ് സെക്രട്ടറി അബ്ദുള് ഹമീദ് ഫൈസി അമ്പലക്കടവ്, ജംഇയ്യത്തുല് മുഅല്ലിമിന് സംസ്ഥാന ജനറല് സെക്രട്ടറി വാക്കോട് മൊയ്തീന് കുട്ടി ഫൈസി,സമസ്ത എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂര് തുടങ്ങി 21 പ്രമുഖ നേതാക്കളാണ് കത്ത് നല്കിയത്.