ന്യൂഡൽഹി > സ്ഥാപനത്തിന് നേരെയുള്ള ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിൽ പ്രതികരണവുമായി ന്യൂസ് ക്ലിക്ക്. നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ല. ചൈനീസ് പ്രൊപ്പഗാണ്ട സൈറ്റിലൂടെ ഉയർത്തിക്കൊണ്ട് വന്നിട്ടില്ല. നേരിട്ടോ അല്ലാതെയോ ചൈനയുടെ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് പ്രതികരണത്തിൽ പറഞ്ഞു.
ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇടപാടുകൾ മാത്രമാണ് സ്ഥാപനത്തിനുള്ളത്. ഇതുവരെ നൽകിയ എല്ലാ വാർത്തയും വെബ്സൈറ്റിൽ ലഭ്യമാണ്. ആർക്കുവേണമെങ്കിലും പരിശോധിക്കാം. ചൈനീസ് പ്രൊപ്പഗാണ്ട ആരോപിക്കാവുന്ന ഒരു വാർത്തയോ വീഡിയോയോ ഡൽഹി പൊലീസിന് ചൂണ്ടിക്കാണിക്കാനില്ല. കർഷക സമരം, ഡൽഹി കലാപം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമേ പൊലീസിന് ചോദിക്കാനുള്ളു. നിയമസംവിധാനത്തിൽ പൂർണമായ വിശ്വാസമുണ്ട്. രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും.
എഫ്ഐആറിന്റെ പകർപ്പ് നൽകിയിട്ടില്ല. തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ച് അറിയിച്ചിട്ടില്ല. പിടിച്ചെടുക്കൽ മെമ്മോകൾ, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങൾ, അല്ലെങ്കിൽ ഡാറ്റയുടെ പകർപ്പുകൾ എന്നിവ പോലുള്ള ഒരു നടപടിക്രമവും പാലിക്കാതെ, ന്യൂസ്ക്ലിക്ക് പരിസരത്ത് നിന്നും ജീവനക്കാരുടെ വീടുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ചൈനീസ് പ്രചരണം നടത്തിയതിനാണ് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ചുമത്തിയത് എന്നാണ് പറയുന്നത്. വിമർശനങ്ങളെ രാജ്യദ്രോഹമോ “ദേശവിരുദ്ധ” പ്രചരണമോ ആയി കണക്കാക്കുന്ന സർക്കാരിന്റെ നടപടികളെ ശക്തമായി അപലപിക്കുന്നു – ന്യൂസ് ക്ലിക്ക് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദീകരണത്തിൽ പറയുന്നു.