തിരുവനന്തപുരം > ഭക്ഷ്യഉൽപന്നങ്ങൾ മുതൽ മാലിന്യനിർമാർജനപ്ലാന്റുകൾ വരെ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതൽ ആഭരണങ്ങൾ വരെ നാനൂറു സ്റ്റാളുകളിലായി നിരത്തി കേരളീയത്തിലെ വമ്പൻ വ്യവസായപ്രദർശന മേള. സംസ്ഥാനത്തിന്റെ വികസനനേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്.
ഒൻപതുവേദികളിലായി നടക്കുന്ന പ്രദർശനങ്ങളിൽ സർക്കാർ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകൾ ഉണ്ടാകും.
പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ, കനകക്കുന്ന്്, യൂണിവേഴ്സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നീ ആറുവേദികളിലാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ നടക്കുന്നത്. വ്യവസായ-വാണിജ്യ വകുപ്പ്, സഹകരണവകുപ്പ്, കുടുംബശ്രീ, ആദിവാസി വികസന വകുപ്പ്, കൃഷി വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്ലൂം വകുപ്പ് എന്നീ വകുപ്പുകളുടെ പ്രദർശന വിൽപനമേളയാണ് ഇവിടെ നടക്കും.
ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾ, കൈത്തറി, ഫാം ഉൽപന്നങ്ങൾ, മാലിന്യ നിർമാർജനം, സുഗന്ധവിളകൾ, തേൻ, മത്സ്യം, ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ, പുനരുപയുക്ത ഊർജം, മെഡിക്കൽ ഇംപ്ലാന്റ്സ്, സൗരോർജ ഉപകരണങ്ങൾ, കളിമൺ പാത്രനിർമാണം, ടെറകോട്ട, ക്ളേ മോഡൽ, ജൂട്ട് ഉൽപന്നങ്ങൾ, കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, കൈകൊണ്ട് തുന്നിയ കുർത്തി, സാരി എന്നുതുടങ്ങി നിരവധി ഉൽപന്നങ്ങളുടെ സ്റ്റാളുകൾ കേരളീയത്തിൽ ഉണ്ടാകും.
കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകൾ ഉണ്ടാകും. ടാഗോർ തിയറ്റർ, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളജ്, എൽ.എം.എസ്. കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നീ വേദികളിൽ 50 സ്റ്റാളുകൾ വീതവുമാണുള്ളത്. വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകൾ, ബാംബു മിഷന്റെ 25 സ്റ്റാളുകൾ, കുടുംബശ്രീയുടെയും, ആദിവാസി വികസനവകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അൻപതു സ്റ്റാളുകൾ വീതവും മേളയിലുണ്ടാകും.
ഇതുകൂടാതെ സ്വകാര്യസംരംഭകർക്കായി മൂന്നുപ്രദർശനവേദികൾ കൂടിയുണ്ടാകും. ഇവിടെ ഒരുക്കുന്ന അൻപതോളം വേദികളിൽ അക്വേറിയം, ആഭരണങ്ങൾ, ടോയ്സ് – ഗിഫ്റ്റ് എന്നിവയുടെ പ്രദർശനമൊരുക്കും. വ്യവസായ വാണിജ്യപ്രദർശനത്തിന്റെ വിജയത്തിനായി അഡ്വ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
നഗരത്തിൽ വസന്തോത്സവം; നവംബറിൽ പൂക്കാലമൊരുക്കി കേരളീയം
നഗരത്തിൽ നവംബർ വസന്തമൊരുക്കി കേരളീയത്തിന്റെ പുഷ്പോത്സവം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്പോത്സവും സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, ഇ കെ നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽഎംഎസ് കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്പോത്സവം.
നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഫ്ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും.
കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങൾ സ്ഥാപിക്കും. ബോൺസായ് ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രത്യേകപ്രദർശനം മേളയിൽ ഒരുക്കും. കാർഷിക സർവകലാശാല, ഹോൾട്ടികൾച്ചർ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാകും. പച്ചക്കറികളും പൂക്കളും ഒരുക്കുന്ന മത്സരങ്ങൾ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കും. വ്യക്തികൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, നഴ്സറി ഗാർഡനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുടെ പ്രദർശന-വിൽപനസ്റ്റാളുകളും പുഷ്പമേളയിലുണ്ടാകും.
4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്
ഠ മെഗാഷോയോടെ സമാപനം
നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്കാരിക വിരുന്ന്. നവംബർ ഒന്നുമുതൽ ഏഴുവരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുന്നത്.
ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക – കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒൻപതു തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികൾ നവംബർ ഏഴിന് മുഖ്യവേദിയായ സെൻട്രൽ സ്്റ്റേഡിയത്തിൽ നടക്കുന്ന മെഗാഷോയോടെ സമാപിക്കും.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളിൽ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാർ അണിനിരക്കും. ഭിന്നശേഷിക്കാരുൾപ്പെടെയുള്ള കലാകാരന്മാരാണ് ചെറുതും വലുതുമായ പരിപാടികളിൽ അണിനിരക്കുന്നത്.
ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് നവംബർ ഒന്നുമുതൽ ആറുവരെ പരിപാടികൾ നടക്കുക.
നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ എന്നിവയാണ് മറ്റു പ്രധാനവേദികൾ, മെഗാഷോ ഒഴിച്ചുള്ള മുഖ്യസാംസ്കാരികപരിപാടികൾക്ക് ഇവിടം വേദിയാകും.
വിവേകാനന്ദപാർക്, കെൽട്രോൺ പാർക്ക്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത്് ഭവൻ ഹാൾ, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാർക്ക്, സത്യൻ സ്്മാരകം, യൂണിവേഴ്സിറ്റി കോളജ് പരിസരം, എസ്.എൻ.വി. സ്കൂൾ പരിസരം, ഗാന്ധി പാർക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികൾ അരങ്ങേറും.
പ്രൊഫഷണൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായിസെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ എയർ തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. തെയ്യാട്ടങ്ങൾ, പൊയ്ക്കാൽ രൂപങ്ങൾ, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സർക്കസ്, തെരുവു നാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങൾക്കായി 12 വഴിയോര വേദികളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേക വേദിയായി ഒരുക്കുന്ന തൈക്കാട് പോലീസ് ഗ്രൗണ്ടിൽ സർക്കസും മലയാളിയുടെ പഴയകാല സ്മരണകളുടെ പ്രദർശനവും അരങ്ങേറും.