കൊച്ചി > യുഡിഎഫ് ഭരണത്തിലുള്ള റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ഭരണ സമിതിക്കെതിരായ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സഹകരണ രജിസ്ട്രാറുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന ഫെഡറേഷൻ പ്രസിഡൻറ് പി വി സ്കറിയയുടെ ആവശ്യം ജസ്റ്റിസ് സതീശ് നൈനാൻ നിരസിച്ചു.
ക്രമക്കേടിനെ തുടർന്ന് ഫെഡറേഷനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാനുള്ള സഹകരണ രജിസ്ട്രാറുടെ കാരണം കാണിക്കൽ നോട്ടിസിലും കോടതി ഇടപെട്ടില്ല. നോട്ടീസ് ലഭിച്ച ഭരണ സമിതി അംഗങ്ങൾ രജിസ്ട്രാർ മുമ്പാകെ ഹാജരായി വിശദീകരണം നൽകുകയാണ് വേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
ഫെഡറേഷൻ്റെ ഉടമസ്ഥതയിൽ സ്ഥാപിച ബലൂൺ നിർമ്മാണ കമ്പനിക്ക് രജിസ്ട്രാറുടെ അനുമതിയില്ലാതെ വൻ തുക കൈമാറിയതടക്കം വ്യാപകമായ ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. ഫെഡറേഷൻ ഭരണ സമിതി പിരിച്ചുവിടാൻ എന്തു കൊണ്ട് നടപടി സ്വീകരിക്കുന്നില്ലന്ന് വ്യക്തമാക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മറ്റൊരു കേസിൽ രജിസ്റ്റാറോട് നിർദ്ദേശിച്ചു.