2015ൽ വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ജോലിക്ക് വേണ്ടി ഒരാൾ കോൺഗ്രസ് എംഎൽഎയെ സമീപിക്കുന്നു. ശുപാർശയിൽ ജോലി കിട്ടി ഒരു മാസം തികയും മുമ്പ് എംഎൽഎയുടെ പിഎ വിളിച്ചു. ഒരു മാസത്തെ ശമ്പളം തങ്ങൾക്ക് നൽകണമെന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ പിരിച്ചുവിട്ട് വേറെ ആളെ നിയമിക്കുമെന്ന ഭീഷണിയും. മറ്റ് മാർഗങ്ങളില്ലാതെ അവർ പണം നൽകി. യുഡിഎഫ് ഭരണകാലത്ത് പിൻവാതിൽ നിയമനങ്ങൾക്കായി കോടികളാണ് മന്ത്രിമാരും എംഎൽഎമാരും നേതാക്കളും അണികളുമെല്ലാം തട്ടിയെടുത്തത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താൽക്കാലിക നിയമനം യുഡിഎഫ് നേതാക്കൾക്ക് ചാകരയായിരുന്നു. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങി നിയമനം നൽകുന്നതായിരുന്നു രീതി. സംസ്ഥാനതലത്തിലുള്ളവർ മുതൽ പ്രാദേശിക നേതാക്കൾ വരെ പണം വാങ്ങി നിയമനം നടത്താൻ മത്സരിച്ചു. പണം നൽകിയാൽ ജോലി കിട്ടുമെന്ന പൊതുബോധവുമാണ് യുഡിഎഫ് കാലത്ത് സൃഷ്ടിക്കപ്പെട്ടത്. ഈ തട്ടിപ്പുകൾ മാധ്യമങ്ങൾ മറച്ചുവച്ചു. സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലുമെല്ലാം കൈക്കൂലി നിയമനം തുടർന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പണം വാങ്ങിയുള്ള നിയമനത്തിന് അറുതിയായി. എന്നാൽ, പണം നൽകിയാൽ നിയമനം ലഭിക്കുമെന്ന പൊതുബോധ്യത്തെ ചൂഷണം ചെയ്താണ് തട്ടിപ്പുകാർ ഇപ്പോഴും ആളുകളെ സമീപിക്കുന്നത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത നുണകളും വ്യാജ രേഖകളും മുദ്രകളുമെല്ലാം കാണിച്ചാണ് തട്ടിപ്പുകാർ എത്തുന്നത്.
എൽഡിഎഫ് സർക്കാരോ അതിന് നേതൃത്വം നൽകുന്ന ഇടതുപക്ഷ നേതാക്കളോ പണം വാങ്ങി ഒരാളെപ്പോലും നിയമിക്കാറില്ല. ഈ പേരിൽ സമീപിക്കുന്നവരുടെ പിടിയിൽപ്പെടാതിരിക്കാനുള്ള ജാഗ്രതയാണുണ്ടാകേണ്ടത്.