തിരുവനന്തപുരം > ആൻഡ്രോയിഡ് ആപ്പ് മാർക്കറ്റായ പ്ലേ സ്റ്റോറിൽ 70ൽ അധികം വ്യാജ ലോൺ ആപ്പുകൾ ഉണ്ടെന്ന് കണ്ടെത്തി കേരളാ പൊലീസ്. വ്യാജ ആപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ ടീം ഇവ നീക്കം ചെയ്തയായി പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ലോൺ ആപ്പുകളുടെ ഭീഷണികളുടെ കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് പൊലീസിൻറെ കണ്ടെത്തൽ.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്നും പൊലീസ് അറിയിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പൊലീസിന്റെ ഹെൽപ് ലൈൻ ആയ 1930ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.