കൊച്ചി> വരാനിരിക്കുന്ന കാലത്തെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ വിമാനത്താവളത്തെ മാറ്റിയെടുക്കാൻ പുതിയ പദ്ധതികളിലൂടെ സാധ്യമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മഹാമാരിക്ക് ശേഷവും വീണ്ടെടുക്കലിന്റെ സന്ദർഭത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. എയർപോർട്ട് ജീവനക്കാരുടെ ഷിഫ്റ്റ് സംവിധാനം മാറ്റണം എന്ന ദീർഘകാലത്തെ ആവശ്യം പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചു. കരാർ തൊഴിലാളികൾക്ക് മിനിമം കൂലി ഏർപ്പെടുത്തണമെന്ന ആവശ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എയർപോർട്ടുകളിൽ പ്രത്യേക മിനിമം വേതനം നിർണയിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് പരിശോധന നടന്നുവരികയാണ്. ചർച്ചകളിലൂടെ ഈ മേഖലയിലും മാറ്റം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
നാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ കാലയളവിൽ സിയാലിന് കഴിഞ്ഞു. ചെങ്ങൽ തോടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതുവഴി വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചു. സി എസ് ആർ ഫണ്ട് വഴി ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സിയാൽ നടപ്പിലാക്കും. 800 കോടി ചെലവിൽ നടപ്പിലാക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് കൂടുതൽ തുക ആവശ്യമായി വന്നത്. മാറ്റങ്ങൾ അംഗീകരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.