കളമശ്ശേരി > എറണാകുളം മെഡിക്കൽ കോളേജ് വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 17 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു വർഷത്തിനുള്ളിൽ ആരംഭിച്ച് പൂർത്തീകരിച്ച 36 പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിലെ ഓരോ പദ്ധതികളും ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഏറെ ഉപകാരപ്രദമാണ്. അതിൽ ബേൺസ് യൂണിറ്റ്, എറണാകുളം പോലുള്ള ഒരു വ്യവസായ നഗരത്തിന് വളരെ അനിവാര്യമാണ്. മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള ക്രഷ് സംവിധാനവും മാതൃകാപരമാണ്. ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷ ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്. അത് കണക്കിലെടുത്ത് വിപുലമായ സിസിടിവി സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആ സംവിധാനത്തിലേക്ക് 24 സിസിടിവികൾ കൂടി ചേർക്കപ്പെടുകയാണ്.
കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളെയും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയകരമായി പുരോഗമിച്ചു വരികയാണ്. എറണാകുളം മെഡിക്കൽ കോളേജിലും ആരോഗ്യ സേവനങ്ങളും മറ്റും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ആരോഗ്യസേവനം തേടുന്നവരിൽ 70% പേരും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യ രംഗത്തെ വികസനം മുഖ്യ അജണ്ടയായി എടുത്തുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യവകുപ്പിന് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കോഴിക്കോട് ഉണ്ടായ നിപ ബാധയെ ഫലപ്രദമായി നേരിടുവാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു. സാധാരണ നിപ ബാധ ഉണ്ടായാൽ 70 മുതൽ 90 ശതമാനം വരെയാണ് മരണ സാധ്യത. എന്നാൽ നമുക്ക് അത് 33 ശതമാനത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. ആരോഗ്യവകുപ്പ് എന്നാൽ ഒരു വ്യക്തിയല്ല, ഒരു കൂട്ടമാണ്. ആ കൂട്ടായ്മയുടെ ശ്രമഫലമാണ് ഓരോ നേട്ടങ്ങൾക്കും പിന്നിലെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മെഡിക്കൽ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മെഡിക്കൽ കോളേജിന്റെ വളർച്ചയുടെ പാതയിലെ സുപ്രധാന ഘട്ടമാണിത്. ഈ വർഷം തന്നെ മെഡിക്കൽ കോളേജിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ കൊച്ചി കാൻസർ സെന്ററും യാഥാർത്ഥ്യമാകും.
മെഡിക്കൽ കോളേജിൽ നിന്ന് മെട്രോയുടെ ഫീഡർ ബസ് സംവിധാനം തുടങ്ങുകയാണ്. ഇത് ജനങ്ങൾക്ക് ഏറെ ഉപകരിക്കും. അതിനൊപ്പം തന്നെ കളമശ്ശേരി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് 10 ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ചെയിൻ സർവീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണ്. ജനങ്ങൾക്ക് പരമാവധി എളുപ്പത്തിൽ മെഡിക്കൽ കോളേജിലെത്തി ചികിത്സ നേടി തിരികെ പോകാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആരോഗ്യരംഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജിനും എറണാകുളം ജനറൽ ആശുപത്രിക്കും കൊച്ചി കാൻസർ സെന്ററിനും ഈ മേഖലയിൽ വലിയ സംഭാവനകളാണ് നൽകാൻ കഴിയുക എന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൊച്ചി മെട്രോ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പ്രതാപ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, വാർഡ് കൗൺസിലർ കെ.കെ ശശി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാ നായർ, ആർഎംഒ ഡോ. എംകെ ഹക്കീം, അസിസ്റ്റന്റ് ആർഎംഒ ഡോ. യു.മധു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എം സുധീർ, ചീഫ് നേഴ്സിങ് ഓഫീസർ ഡി. പ്രഭാ കുമാരി, കോളേജ് യൂണിയൻ ചെയർമാൻ വി.എസ് വിനയ്, ജനപ്രതിനികൾ, ആശുപത്രി വികസന സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിമാനമായി 36 പദ്ധതികൾ
പദ്ധതിവിഹിത ഫണ്ടിൽ പൂർത്തീകരിച്ച 4 കോടി രൂപ ചെലവിൽ ഒരുക്കിയ വിവിധ ബ്ലോക്കുകളെയും ഓപ്പറേഷൻ തിയറ്റുകളെയും ബന്ധിപ്പിക്കുന്ന റാമ്പ്, 35 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ബേൺസ് യൂണിറ്റ്, 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്രിവന്റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി നിർമ്മിച്ച 15 ലക്ഷം രൂപയുടെ ക്രഷ് യൂണിറ്റ്, 20 ലക്ഷം രൂപ ചെലവിൽ സ്ത്രീ രോഗ വിഭാഗത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, 1.8 കോടി രൂപ ചെലവിൽ വാങ്ങിയ അത്യാധുനിക മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ്, 1.65 കോടി രൂപ ചെലവിൽ ഒരുക്കിയ 26 പേരെ വഹിക്കാൻ കഴിയുന്ന ഗ്ലാസ് ഡോർ സംവിധാനമുള്ള അത്യാധുനികമായ നാല് ലിഫ്റ്റുകൾ, 46 ലക്ഷം രൂപ ചെലവിട്ട് തയ്യാറാക്കിയ താക്കോൽദ്വാര തിമിര ശസ്ത്രക്രിയ നടത്തുന്ന ഫാക്കോ എമൽസിഫിക്കേഷൻ മെഷീൻ, 40 ലക്ഷം രൂപ ചെലവിൽ അസ്ഥി രോഗ വിഭാഗത്തിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് വാങ്ങിയ അത്യാധുനിക സി ആം മെഷീൻ, 20 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച 24 സി.സി.ടി.വി കാമറകൾ.
22 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എം.ഇ.യു സ്കിൽ ലാബ്, 45 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഏഴ് വാർഡുകൾ, 56 ലക്ഷം രൂപ ചെലവിട്ട് കൂട്ടിരിപ്പുകാരായ സ്ത്രീകൾക്കായി പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്) ഫണ്ടിൽ പൂർത്തീകരിച്ച ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന ഫുൾ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ സംവിധാനം, 25 ലക്ഷം രൂപ ചെലവഴിച്ച് നേത്രരോഗ വിഭാഗത്തിൽ സ്ഥാപിച്ച റെറ്റിനൽ ലേസർ മെഷീൻ, 13 ലക്ഷം രൂപ ചെലവിട്ട് ഒ.പി രോഗികളുടെ സൗകര്യാർത്ഥം സ്ഥാപിച്ചിരിക്കുന്ന ബ്ലഡ് കളക്ഷൻ യൂണിറ്റ്, 4.3 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച ഇ-ഓഫീസ് സംവിധാനം, 5 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ലേബർ റൂമിലെ ഓപ്പറേഷൻ തിയേറ്റർ, സി.എസ്.ആർ ഫണ്ടിൽ പൂർത്തീകരിച്ച വിമുക്തി മിഷൻ പ്രോജക്റ്റിന്റെ ഭാഗമായ 40 ലക്ഷം രൂപയുടെ ഡി അഡിക്ഷൻ യൂണിറ്റ്, 93 ലക്ഷം രൂപ ചെലവിൽ എൽ.ജി ഇലക്ട്രോണിക്സിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, എൽ.ജിയുടെ തന്നെ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ച് നേത്രരോഗ വിഭാഗത്തിലേക്ക് വാങ്ങിയ നൂതന സാങ്കേതികവിദ്യയിലുള്ള അപ്ലനേഷൻ ടോണോ മീറ്റർ.
റോട്ടറി ക്ലബ്ബിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ വാങ്ങിയ അഞ്ച് ഡയാലിസിസ് മെഷീനുകൾ, നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ പൂർത്തീകരിച്ച 90,000 രൂപ ചെലവിൽ നിർമ്മിച്ച കാസ്പ് ഫാർമസി, നാഷണൽ ഹെൽത്ത് മിഷന്റെ സി.എസ്. ആർ ഫണ്ട്, മൈനർ നോൺ പ്ലാൻ ഫണ്ട്, എച്ച്.ഡി.എസ് ഫണ്ട് എന്നിവയിൽ നിന്നും 2,40,843 രൂപ ചെലവാക്കി ഒ പി രജിസ്ട്രേഷൻ, ഒ.പി ഫാർമസി എന്നിവിടങ്ങളിൽ സ്ഥാപിച്ച ടോക്കൺ, ടു വേ കമ്മ്യൂണിക്കേഷൻ സംവിധാനം, ഇ.സി.ആർ.പി ഫണ്ട് ഉപയോഗിച്ച് 2.25 കോടി രൂപ ചെലവിൽ നിർമ്മിച്ച എട്ട് എച്ച്.ഡി.യു കിടക്കകളും നാല് ഐസിയു കിടക്കകളും ഉള്ള സെന്റർ ഓഫ് എക്സലൻസ്, കൂടാതെ വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം, ഫ്ളബോട്ടമി ടീം, കമ്പ്യൂട്ടറൈസ്ഡ് ടെലിഫോൺ എക്സ്ചേഞ്ച്, പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം, മെട്രോ ഫീഡർ ബസ് സംവിധാനം, അഗതികൾക്കായുള്ള മദദ് പദ്ധതി, അഗതികൾക്കായുള്ള ഡ്രസ്സ് ബാങ്ക് ( സ്നേഹവസ്ത്രം ) 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീൻ & കഫറ്റീരിയ, നവീകരിച്ച റാമ്പ്, ഡിജിറ്റൽ പെയ്മെന്റ് സംവിധാനം, ഇ -ഹെൽത്ത് ഒ. പി രജിസ്ട്രേഷനും ഓൺലൈൻ ബുക്കിംഗ് എന്നീ പദ്ധതികളാണ് മന്ത്രി നാടിന് സമർപ്പിച്ചത്.