പാറശ്ശാല/ ന്യൂഡൽഹി > ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. സംഭവം നടന്നത് തമിഴ്നാട്ടിലാണെന്നും അതിനാൽ വിചാരണ അവിടേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം. നിലവിൽ നെയ്യാറ്റിൻകര കോടതിയാണ് കേസിൻറെ വിചാരണ നടപടികൾ പരിഗണിക്കുന്നത്.
കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് മറ്റു പ്രതികൾ. കഴിഞ്ഞ 25നാണ് കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 2022 ഒക്ടോബറിലാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തുന്നത്. ഒക്ടോബർ 14ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25ന് മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.
സംഭവം നടന്നത് തമിഴ്നാട്ടിലുള്ള വീട്ടിലാണെന്നും അതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നുമാണ് നിലവിലെ ഹർജിയിലെ ആവശ്യം. വിചാരണ നടക്കാനിരിക്കുന്ന കേസിൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കേസ് അന്വേഷണവുമായി സഹകരിച്ചതായും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി 25ന് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15ന് സഹതടവുകാരുടെ പരാതിയെ തുടർന്ന് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരുന്നു.