തിരൂർ
ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും ജനാധിപത്യത്തിന്റെ സംരക്ഷകരായ ജുഡീഷ്യറിയെ വരുതിയിലാക്കാനാണ് സംഘപരിവാറും കേന്ദ്രസർക്കാറും ശ്രമിക്കുന്നതെന്നും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും എഐഎൽയു അഖിലേന്ത്യാ ജനറൻ സെക്രട്ടറിയുമായ അഡ്വ. പി വി സുരേന്ദ്രനാഥ് പറഞ്ഞു. തുഞ്ചൻപറമ്പിൽ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള അജന്ഡ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ജനവിരുദ്ധ നിയമങ്ങൾക്ക് തടസ്സംനിൽക്കുന്ന കോടതിയെ നിയന്ത്രിക്കാനാണ് നീക്കം.ഇതിനെതിരെ അഭിഭാഷക സമൂഹം ശക്തമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പ് അധ്യക്ഷനായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇ കെ നാരായണൻ, അഡ്വ. സി ശ്രീധരൻനായർ, വനിതാ സബ് കമ്മിറ്റി കൺവീനർ അഡ്വ. ലത തങ്കപ്പൻ, അഖിലേന്ത്യാ അസി. സെക്രട്ടറി അഡ്വ. സുധീർ ഗണേശ് കുമാർ, ജില്ലാ സെക്രട്ടറി അഡ്വ. ടോം കെ തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. പി ഹംസക്കുട്ടി സ്വാഗതവും അഡ്വ. പി കെ ഖലീമുദ്ദീൻ നന്ദിയും പറഞ്ഞു.