തൃശൂർ
സിപിഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവരുടെ കടബാധ്യത മറച്ചുവച്ചു.
ചന്ദ്രമതിയുടെ പേരിലുള്ള സ്ഥലവും വീടും പണയപ്പെടുത്തി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 20 ലക്ഷം രൂപ വായ്പയെടുത്ത വിവരമാണ് എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽനിന്ന് ഒഴിവാക്കിയത്. 2020 ൽ അരവിന്ദാക്ഷന്റെ മൂത്തമകളുടെ വിവാഹ ആവശ്യാർഥം വായ്പ പുതുക്കുകയും അത് അരവിന്ദാക്ഷന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
|
അമ്മയുടെ പേരിലുള്ള 27 സെന്റ് സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി അരവിന്ദാക്ഷന്റെ പേരിലാക്കിയാണ് പണയപ്പെടുത്തി വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽനിന്ന് നോട്ടീസ് വന്നാതായും വീട്ടുകാർ പറഞ്ഞു. ആഗസ്ത് രണ്ടിനാണ് ബാങ്കിൽനിന്ന് നോട്ടീസ് വന്നത്. സെപ്തംബർ 15 ന് ബാങ്കിൽ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. വൻതുക ബാങ്കിൽ നിക്ഷേപമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഇഡി, അരവിന്ദാക്ഷന്റെ കടബാധ്യതകൾ മറച്ചുവച്ചത് ദുരൂഹമാണ്.
ഇതേ ബാങ്കിലെ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിലുള്ള 63 ലക്ഷം രൂപ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതാണെന്നും അതിന്റെ ഉറവിടം വ്യക്തമാക്കിയില്ലെന്നും കാണിച്ചാണ് സിബിഐ കോടതിയിൽ ഇഡി കസ്റ്റഡി അപേക്ഷ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടതും തുടർന്ന് ജയിലിലേക്ക് അയച്ചതും. ജാമ്യാപേക്ഷ 10 നാണ് പരിഗണിക്കുക.