കണ്ണൂർ > പാർട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങൾ നടക്കുമ്പോൾ അതിനെയെല്ലാം അഭിമുഖീകരിക്കാൻ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ് കേരളത്തിലെ പാർട്ടി അഭിമുഖീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് സങ്കീർണമായ പ്രശ്നങ്ങളെയും ഫലപ്രദമായി അതിജീവിക്കാൻ ശരിയായ ദിശാബോധത്തോടെ മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു. എല്ലാ കഴിവും ശേഷിയും പാർട്ടിക്ക് നൽകിയ ഒരു സമർപ്പിത ജീവിതമായിരുന്നു കോടിയേരിക്ക് ഉണ്ടായിരുന്നത് – എം വി ഗോവിന്ദൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
ഒരു വർഷം വളരെ വേഗമാണ് കടന്നുപോയത്. എകെജി സെന്ററിലും ഫ്ലാറ്റിലുമൊക്കെ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉള്ളപ്പോൾ ഓഫീസിന്റെ മുറിയിലും ഫ്ലാറ്റിലുമെല്ലാം സഖാവ് കോടിയേരിയുടെ ഒരു കാഴ്ച ഇപ്പോഴും നമ്മുടെയെല്ലാം മനസിൽ പച്ചപിടിച്ച് നിൽക്കുകയാണ്. എവിടെയൊക്കെയോ അദ്ദേഹം ഇല്ലേ എന്ന മാനസിക പ്രയാസമാണ് നമ്മളെല്ലാം അനുഭവിക്കുന്നത്. ഒരു വർഷമായി കോടിയേരി ഇല്ലാത്ത കേരളം കടന്നുപോകുകയാണ്. അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പൊളിറ്റ് ബ്യൂറോ അംഗമായി സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സ്നേഹവായ്പ് പിടിച്ചുവാങ്ങിയ, സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ്.
താരതമ്യം ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള വ്യക്തിബന്ധം എല്ലാവരുമായും പുലർത്തി. ആ വ്യക്തിബന്ധം നിലനിർത്താൻ എല്ലാ സാഹചര്യങ്ങളിലും ശ്രമിച്ചിരുന്നു. ശ്രദ്ധേയമായ സംഘടന പ്രവർത്തനത്തിലൂടെയാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് കോടിയേരി എത്തിച്ചേർന്നത്. എല്ലാ പ്രവർത്തനത്തിലും കോടിയേരിയുടേതായ ടച്ച് ഉണ്ട്. പാർട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങൾ വരികയാണ്. അതിനെയെല്ലാം അഭിമുഖീകരിക്കാൻ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ് കേരളത്തിലെ പാർട്ടി അഭിമുഖീകരിക്കുന്നത്. സ്വകാര്യമായ ഒരു കാര്യവും പാർട്ടിക്ക് അന്യമായി കോടിയേരിക്ക് ഉണ്ടായിരുന്നില്ല. ദേശാഭിമാനിയെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രമാക്കി രൂപപ്പെടുത്തുന്നതിൽ ചീഫ് എഡിറ്റർ എന്ന നിലയിൽ ഫലപ്രദമായി നേതൃത്വം കൊടുത്തു.
ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നിൽക്കുകയാണ്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഒരു കേസിലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം. ഇ ഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോൾ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആർ അരവിന്ദാക്ഷന് പിന്നാലെ കൂടുതൽ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമം. ഇ ഡി നാളെ കോടിയേരിയുടെ പേരിൽ കേസ് എടുത്താലും അത്ഭുതമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കും. വരികൾക്കിടയിൽ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള് മനസിലാക്കണം – എം വി ഗോവിന്ദൻ പറഞ്ഞു.