കൊച്ചി
ഒന്നിക്കാനാകാത്തവിധം മാനസികമായി അകന്ന ദമ്പതികളെ കോടതികൾ വേർപിരിയാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ഹൈക്കോടതി. വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പരബഹുമാനമില്ലായ്മയും അകൽച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. പരാജയപ്പെട്ട വിവാഹബന്ധം വേർപെടുത്താൻ അനുമതി നൽകാത്ത ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മുകുന്ദപുരം സ്വദേശി നൽകിയ അപ്പീൽ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
ദമ്പതികൾ വിവാഹിതരായത് 2002ലാണ്. വിദേശത്തായിരുന്ന ഹർജിക്കാരൻ നാട്ടിൽ സ്ഥിരതാമസമാക്കിയതോടെ ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് വിവാഹമോചനത്തിന് ഹർജി നൽകിയത്. പണത്തിൽമാത്രമാണ് ഭാര്യക്ക് താൽപ്പര്യമെന്നും വീടുപണിയാൻ വിദേശത്തുനിന്ന് അയച്ച പണമടക്കം പാഴാക്കിയെന്നും പറയുന്നു. ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. വിവാഹമോചനത്തിനായി 2011ൽ കുടുംബകോടതിയെ സമീപിച്ചെങ്കിലും തീരുമാനമായില്ല. ഹർജിക്കാരന് പ്രായം 60 കഴിഞ്ഞു. ദശാബ്ദത്തിലേറെയായി ഒരുവീട്ടിൽ കഴിഞ്ഞിട്ടും ഒന്നിച്ചുപോകാനാകുന്നില്ല. വിവാഹമോചനം കിട്ടാൻ ഭർത്താവ് 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തെങ്കിലും ഭാര്യക്ക് സ്വീകാര്യമല്ല.
ഇരുവരും കോടതി നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്കും വിധേയരാകുന്നില്ല. കോടതിയെ വ്യക്തികളുടെ ഈഗോയ്ക്ക് പോരാട്ടഭൂമിയാക്കാൻ അനുവദിക്കില്ലെന്നും കക്ഷികളുടെ ഒന്നിച്ചുള്ള ജീവിതം ഉറപ്പാക്കാനാകാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.