തിരുവനന്തപുരം > “ഞങ്ങളുടെ കാലത്താണെങ്കിൽ, ചൂരലുമായി വന്ന് അടിച്ചോടിക്കും’, “ഇതാണ് സ്കൂളുകളിൽ വന്ന ശരിയായ മാറ്റം. ക്ലാസ് മുറികളിൽ വർത്തമാനം പറഞ്ഞാൽ, ഉറക്കെ ചിരിച്ചാൽ, കളിച്ചാൽ അടി കിട്ടുമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള മാറ്റം. അന്നും ഇന്നും കുട്ടികളാണ് ശരി’. മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കൊച്ചു വീഡിയോയുടെ താഴെ വന്ന കമന്റുകളാണ്. സ്കൂൾ ഇന്റർവെല്ലിന് ഏഴാം ക്ലാസിലെ ചില മിടുക്കന്മാർ ഡസ്കിൽ താളം പിടിക്കുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചത്. ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ്, ഭഗത്, നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ഡസ്കിൽ കൊട്ടുന്ന ദൃശ്യങ്ങളാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ മൊബൈലിൽ പകർത്തിയത്. രസകരമായ കമന്റുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ വരുന്നത്. പ്രധാനമായും സ്കൂൾ അന്തരീക്ഷത്തിൽ വന്ന മാറ്റമാണ് ഏവരും പ്രശംസിക്കുന്നത്. തങ്ങളുടെ കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ അധ്യാപകർ വിലക്കിയിരുന്നതും, ചൂരൽ പ്രയോഗം നടത്തിയതും പലരും ഓർത്തെടുക്കുന്നു.
“പണ്ട് ഡസ്കിൽ കൊട്ടിയതിന് ടീച്ചറുമാരുടെ തല്ലുകൊണ്ട മ്മളൊക്കെ ആ കണക്ക് എവിടെ ചേർക്കണം…’ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും കുട്ടികളുടെ സന്തോഷം ഏവരും നല്ല മനസ്സോടെ ഏറ്റെടുത്തു എന്നാണ് മറുപടികളിൽനിന്ന് മനസ്സിലാകുന്നത്.
മന്ത്രിയുടെ കുറിപ്പ്:
ഉച്ചയൂൺ കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ്, ഭഗത്, നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയിൽ വീണുകിട്ടിയ ഒരു ഇടവേളയിൽ കൊട്ടിക്കയറിയപ്പോൾ വിരിഞ്ഞത് ആഹാദത്തിന്റെ സ്വരമേളം.