തിരുവനന്തപുരം
സുപ്രധാന ബില്ലുകളിൽ അടയിരിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത് മറ്റു വഴികൾ അടഞ്ഞതിനാൽ. നയപരമായ രീതിയിലും ആവശ്യപ്പെട്ട വിശദീകരണങ്ങൾ നൽകിയും രണ്ടുവർഷത്തോളം കാത്തിരുന്നശേഷവുമാണ് സർക്കാർ നടപടി. ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കുകയെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. നിയമസഭ പാസാക്കി ഒരുവർഷവും പത്തുമാസവും ആയതുൾപ്പെടെ എട്ട് ബില്ലാണ് രാജ്ഭവനിൽ പൊടിപിടിച്ച് ഇരിക്കുന്നത്.
ഗവർണർമാരെ ഉപയോഗിച്ച് രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നുവെന്ന് ബിജെപി ഇതര സംസ്ഥാനങ്ങൾക്കെല്ലാം പരാതിയുള്ളതിനാൽ ഇനി സുപ്രീംകോടതിയുടെ പരാമർശമുണ്ടായാൽപ്പോലും സുപ്രധാന സംഭവമായി മാറും.
അനാവശ്യമായ വൈകിക്കലിനെതിരെ നിയമവഴി തേടാമെന്ന നിയമോപദേശം സർക്കാരിന് കിട്ടിയിരുന്നു. സമാന സാഹചര്യത്തിൽ തെലങ്കാന കോടതിയെ സമീപിച്ചപ്പോൾ സർക്കാർ നിലപാടിനെയാണ് സാധൂകരിച്ചത്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ സമീപിച്ചപ്പോൾ നിയമനം സുതാര്യമാക്കാനുള്ള നീക്കത്തിന് കോടതി തുടക്കമിട്ടു. ബിജെപി കേന്ദ്രഭരണത്തിൻ കീഴിൽ ഗവർണർമാർക്കെതിരെ സംസ്ഥാനങ്ങൾക്ക് തുടർച്ചയായി എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടിവരുന്നുവെന്നത് രാജ്യത്തെ നിയമവൃത്തങ്ങളിൽത്തന്നെ ചർച്ചയാണ്.
കേരളത്തിന്റെ ഹർജിയിന്മേൽ മനപ്പൂർവമായ വൈകിക്കലിനെതിരായി പരാമർശം ഉണ്ടാകുമെന്നും അതുതന്നെ പൊതുവായി ജനാധിപത്യ സംവിധാനത്തിന് ഗുണംചെയ്യുമെന്നുമാണ് സുപ്രീംകോടതിയിലെതന്നെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരാമർശത്തിനുശേഷവും ഗവർണർ വകവയ്ക്കാതെ മുന്നോട്ടുപോയാൽ വീണ്ടും കോടതിയെ സമീപിക്കാനാകും. അപ്പോൾ, കർശനമായ നിലപാടിലേക്ക് സുപ്രീംകോടതി കടന്നേക്കും. അതിലേക്ക് എത്തിക്കുന്നത് കേന്ദ്ര സർക്കാരിനടക്കം ദോഷം ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഗവർണർ ആവശ്യപ്പെട്ടതു പ്രകാരം ബന്ധപ്പെട്ട മന്ത്രിമാർതന്നെയാണ് നേരിട്ട് ചെന്ന് ബില്ലുകളിൽ വിശദീകരണം നൽകിയത്. എന്തെങ്കിലും അതൃപ്തി ഉണ്ടെന്ന് ഗവർണർ പറഞ്ഞിട്ടുമില്ല. സർവകലാശാലാ ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ വിചിത്രമായ ചോദ്യം ‘എന്തുകൊണ്ട് ഇവിടെ വിസിമാർ ഇല്ല’ എന്നാണ്. രാഷ്ട്രീയ നിയമനമെന്ന് ആക്ഷേപിക്കുന്ന ഗവർണർ ജെഎൻയു അടക്കം സർവകലാശാലകളിലും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും പരസ്യമായി ആർഎസ്എസുകാരെ നിയമിക്കുന്നതിൽ ദോഷം കാണുന്നില്ല. കേരളത്തിലാകട്ടെ, അതതു മേഖലയിൽ ഏറ്റവും വൈദഗ്ധ്യമുള്ളവരെ മാത്രമേ നിയമിച്ചിട്ടുള്ളൂ.