തിരുവനന്തപുരം
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കാത്തതിനെ സുപ്രീംകോടതിയിൽ ചോദ്യംചെയ്യാനുള്ള സർക്കാർ നീക്കത്തിൽ ഹാലിളകി യുഡിഎഫ് പത്രമായ മനോരമ. വെള്ളിയാഴ്ച നൽകിയ വാർത്തകളിൽ നിറയെ അസംബന്ധങ്ങളും പരസ്പരവിരുദ്ധ പരാമർശങ്ങളും. ബില്ലുകളിൽ കഴിവതുംവേഗം ഗവർണർ തീരുമാനം എടുക്കണമെന്ന സുപ്രീംകോടതിയുടെ പരാമർശം അടിസ്ഥാനമാക്കി, ഗവർണർക്കെതിരെ കോടതിയെ സമീപിക്കൽ അനിവാര്യമാണെന്ന നിലയിലാണ് ഡൽഹി ലേഖകന്റെ വാർത്ത. എന്നാൽ, സർക്കാർ വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് തിരുവനന്തപുരം ലേഖകന്റെ വാർത്ത.
ഗവർണർക്കെതിരെ തെലങ്കാന സർക്കാരിന്റെ ഹർജി കോടതിയിൽവന്നശേഷം ഗവർണറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായെന്ന കാര്യം ഡൽഹി വാർത്തയിൽ വ്യക്തമാണെങ്കിലും തിരുവനന്തപുരത്തുനിന്നുള്ള രണ്ടാം വാർത്തയിൽ നേരെമറിച്ചാണ്–- ‘തെലങ്കാനയിലും ബംഗാളിലും ഗവർണർക്കെതിരെ സർക്കാരുകൾ കോടതിയെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല’ എന്നായി. (തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചശേഷം ഗവർണർ ഒപ്പുവയ്ക്കാനുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പിട്ടു എന്നതാണ് വസ്തുത.) സർക്കാർ കേസിനുപോയാലും ഗവർണർ ബില്ലുകളിൽ ഒപ്പുവയ്ക്കാൻ തയ്യാറാകില്ലെന്ന ‘ഉപദേശവും’ ഈ രണ്ടാം വാർത്തയിൽ ലേഖകൻ സർക്കാരിനു നൽകുന്നുണ്ട്. ‘സോളാർ കേസിലെ തിരിച്ചടി, പേഴ്സണൽ സ്റ്റാഫിന്റെ കൈക്കൂലി, വിഴിഞ്ഞം സമരം’ അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നത് എന്നാണ് ഒന്നാം പേജ് വാർത്ത. എന്നാൽ, സോളാർ കേസിൽ തിരിച്ചടിയേറ്റത് യുഡിഎഫിന് ആയിരുന്നു. കോൺഗ്രസ് നേതാക്കൾതന്നെ ചേരിതിരിഞ്ഞ് രംഗത്തുവന്നതോടെ ആവശ്യപ്പെട്ട ഗൂഢാലോചനാ അന്വേഷണത്തിൽനിന്ന് അവർ പിൻവാങ്ങി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് എതിരായ കൈക്കൂലി ആരോപണത്തിന്റെ പൊള്ളത്തരവും പുറത്തുവന്നുകഴിഞ്ഞു. വിഴിഞ്ഞം വിഷയത്തിലാകട്ടെ, സമരം അവസാനിക്കുകയും തുറമുഖത്ത് ആദ്യ കപ്പൽ അടുക്കാൻ പോകുകയുമാണ്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മറ്റു മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ ‘അളക്കുക’ എന്ന സാഹസവും യുഡിഎഫ് പത്രം കാട്ടുന്നു. ഇടതുപക്ഷത്തോട് ഒരു ദാക്ഷിണ്യവും കാട്ടാത്ത പത്രത്തിന്റെ ലേഖകന്റെ ചോദ്യത്തെയാണ് ‘അനവസരത്തിലുള്ളതെന്ന്’ യുഡിഎഫ് പത്രം ആക്ഷേപിക്കുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയം മാധ്യമപ്രവർത്തകർ ചോദിക്കുന്ന വേളയിൽ ഈ രംഗത്തെ പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ സർക്കാർ പാസാക്കിയ സഹകരണ നിയമത്തിൽ ഗവർണർ ഒപ്പുവയ്ക്കാത്തതിനെക്കുറിച്ച് ചോദിച്ചതിനെയാണ് യുഡിഎഫ് പത്രം ‘അനവസര’ത്തിൽ ഉള്ളതാക്കിയത്.