മാനന്തവാടി
തലപ്പുഴ കമ്പമലയിലെ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫീസ് മവോയിസ്റ്റുകൾ അടിച്ചുതകർത്തു. യൂണിഫോം ധരിച്ചെത്തിയ ആയുധധാരികളായ ആറ് പുരുഷൻമാരുടെ സംഘം കെഎഫ്ഡിസി ഓഫീസിൽ കയറി ജീവനക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കംപ്യൂട്ടറുകൾ, ജനൽച്ചില്ലുകൾ, വാതിൽ, ഫർണിച്ചർ എന്നിവ അടിച്ചുതകർത്തു. വ്യാഴം പകൽ 12നാണ് സംഭവം. ഓഫീസിന്റെ ചുവരിൽ സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതിയുടെ പേരിൽ മലയാളം, തമിഴ് ഭാഷകളിൽ വിവിധ ആവശ്യങ്ങൾ ഉയർത്തുന്ന പോസ്റ്റർ പതിച്ചു.
തോട്ടം തൊഴിലാളികൾക്ക് ഭൂമി പതിച്ചുനൽകുക, സായുധ വിപ്ലവത്തിൽ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യമുള്ള പോസ്റ്ററുകളാണ് പതിച്ചത്. ഒരുമണിക്കൂറോളം ഇവിടെ ചെലവിട്ട മാവോയിസ്റ്റ് സംഘം ജീവനക്കാർ സൂക്ഷിച്ചിരുന്ന അരിയും പലവ്യഞ്ജനങ്ങളും എടുത്താണ് മടങ്ങിയത്. കെഎഫ്ഡിസി മാനേജരുടെ ഫോൺ പിടിച്ചുവാങ്ങി ഓഫീസ് അടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ ജില്ലയിലെ ഏഴ് മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുത്തു. സംഭവമറിഞ്ഞ് മാനന്തവാടി ഡിവൈഎസ്പി എൽ ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.