വാഷിങ്ടൺ
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ക്യാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന ആവശ്യം ആവർത്തിച്ച് അമേരിക്ക. വിദേശമന്ത്രി എസ് ജയ്ശങ്കർ വാഷിങ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുമുമ്പാണ് അമേരിക്ക നിലപാട് ആവര്‍ത്തിച്ചത്.
നിജ്ജാർ വധവുമായി ബന്ധപ്പെട്ട നിലപാട് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ക്യാനഡയുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ആശങ്കാജനകമാണെന്നും ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും ബ്ലിങ്കൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ജയ്ശങ്കർ–- ബ്ലിങ്കൻ ചർച്ചയിലും വിഷയം ഉന്നയിക്കപ്പെടുമെന്നാണ് വിവരം. വ്യാഴാഴ്ച ജയ്ശങ്കർ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഗജക്ക് സള്ളിവനുമായും കൂടിക്കാഴ്ച നടത്തി.