തിരുവനന്തപുരം
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ കള്ളക്കേസെടുത്ത് സിപിഐ എം നേതാക്കളെ വളയുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റവും വലിയ സഹകരണക്കൊള്ള നടത്തിയ കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നു. ‘ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ എന്നു പറഞ്ഞ സുരേഷ് ഗോപിക്ക് മത്സരിക്കാൻ കളമൊരുക്കുക മാത്രമാണ് ഇഡി ചെയ്യുന്നത്.
16,255 സഹകരണ സംഘത്തിൽ 272ൽ മാത്രമാണ് ക്രമക്കേടോ അഴിമതിയോ ചട്ടലംഘനമോ നടന്നിട്ടുള്ളത്. സഹകരണമേഖലയാകെ കൊള്ളയാണെന്ന് പറയുന്നവർക്ക് ഈ കണക്കുതന്നെയാണ് മറുപടി. ദിവസവും വാർത്തയും കസ്റ്റഡികളും ഉണ്ടാക്കുന്ന ഇഡി ലക്ഷ്യമിടുന്നത് ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുകയെന്നതാണ്. പ്രശ്നങ്ങൾ നീട്ടിക്കൊണ്ടുപോകാനാണ് കരുവന്നൂർ ബാങ്കിൽനിന്ന് വായ്പയെടുത്തവരുടെ 164 ഒറിജിനൽ ആധാരം ഇഡി കൊണ്ടുപോയത്. ആധാരം തിരികെ കിട്ടില്ലെന്നതിനാൽ പണമടച്ച് വായ്പ തീർക്കാൻ ഇടപാടുകാർ തയ്യാറാകില്ല. ഇത് ബാങ്കിലേക്കുള്ള വരുമാനം ഇല്ലാതാക്കും, അത് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനെയും ബാധിക്കും.
രാഷ്ട്രീയ ചായ്വ് നോക്കാതെ തട്ടിപ്പുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും നിക്ഷേപകർക്ക് പണം കൊടുക്കാനുള്ള നടപടി എടുക്കുകയുമാണ് സിപിഐ എം ചെയ്തത്. എന്നാൽ, ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ കിഴക്കേനട, തിരുവനന്തപുരം ബിഎസ്എൻഎൽ സംഘങ്ങളോടൊപ്പം ഒമ്പത് സംഘത്തിൽ ഒന്നിലും രാഷ്ട്രീയമായോ നിയമപരമായോ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ഇഡിയും തിരിഞ്ഞുനോക്കിയില്ല. സ്വന്തം നേതാക്കൾ വെട്ടിപ്പ് നടത്തിയ 202 ബാങ്കിൽ ബഹുഭൂരിപക്ഷത്തിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ നിക്ഷേപകർക്ക് പണം നൽകാനോ കോൺഗ്രസിനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സഹകരണമേഖലയിലെ ജനങ്ങൾ സിപിഐ എമ്മിൽ വിശ്വസിക്കുന്നത്. അത് തകർക്കലാണ് ബിജെപി– -കോൺഗ്രസ് ലക്ഷ്യം.
എല്ലാ ബാങ്കിലും ഇഡി വരുമെന്ന്
ബിജെപി ഭീഷണി
സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും കയറി ഇഡി അന്വേഷിക്കുമെന്ന ഭീഷണിയുമായി ബിജെപി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസാണ് വാർത്താസമ്മേളനത്തിൽ ഭീഷണി മുഴക്കിയത്. ഇഡി അന്വേഷണം അട്ടിമറിക്കാൻ സർക്കാരും സിപിഐ എമ്മും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇഡിയെ ഭീഷണിപ്പെടുത്തുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.