തേഞ്ഞിപ്പലം (മലപ്പുറം)
മഴ പലവട്ടം വില്ലനായെങ്കിലും സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ 25 ഇനങ്ങൾ പൂർത്തിയായപ്പോൾ എറണാകുളം മുന്നിൽ (112.5 പോയിന്റ്). കോട്ടയം (82), തിരുവനന്തപുരം (57.5), തൃശൂർ (47.5) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വനിതകളുടെ 10,000 മീറ്ററിൽ കോട്ടയത്തിന്റെ എം എസ് ശ്രുതി (37 മിനിറ്റ് 3.50 സെക്കൻഡ്), പുരുഷന്മാരുടെ 1500 മീറ്ററിൽ എറണാകുളത്തിന്റെ ആനന്ദ് കൃഷ്ണ (3 മിനിറ്റ് 48.44 സെക്കൻഡ്), പുരുഷ ഡിസ്കസ്ത്രോയിൽ കാസർകോടിന്റെ കെ സി സിദ്ധാർഥ് (49.40 മീറ്റർ), വനിതകളുടെ ഡിസ്കസ്ത്രോയിൽ സി പി തൗഫീറ (39.78 മീ), ലോങ്ജമ്പിൽ എറണാകുളത്തിന്റെ കെ എം ശ്രീകാന്ത് (7.78 മീറ്റർ) എന്നിവരാണ് റെക്കോഡുകാർ.
100 മീറ്ററിൽ സ്വർണം നേടി മലപ്പുറത്തിന്റെ പി മുഹമ്മദ് ഷാനും തിരുവനന്തപുരത്തിന്റെ എ പി ഷിൽബിയും വേഗമേറിയ താരങ്ങളായി. 400 മീറ്ററിൽ പാലക്കാടിന്റെ പി അഭിറാമും എറണാകുളത്തിന്റെ കെ സ്നേഹയും സ്വർണം നേടി. സീനിയർ മീറ്റ് ഇന്ന് സമാപിക്കും.നാളെമുതൽ മൂന്നുദിവസം ജൂനിയർ മീറ്റ് നടക്കും.