പൊലീസ് കുറ്റാന്വേഷണ കഥകൾ സിനിമയാകുന്നതിൽ പുതുമയൊന്നുമില്ല. പലയാവർത്തി പലതരത്തിൽ കുറ്റാന്വേഷണത്തെ ചുറ്റിപ്പറ്റി സിനിമയുണ്ടായിട്ടുണ്ട്. സംഭവങ്ങളെ ആസ്പദമാക്കിയും മാധ്യമവാർത്തകളെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം മലയാളത്തിൽ തന്നെ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. ഒരു സംസ്ഥാനത്തെ പൊലീസ് പ്രതികളെ തേടി മറ്റൊരു ഭൂമികയിലേക്ക് പോകുന്ന കഥ ഏറെ മികവോടെ സമീപകാലത്ത് പറഞ്ഞ പടമായിരുന്നു എച്ച് വിനോദ് ഒരുക്കിയ തമിഴ് ചിത്രം ‘തീരൻ അധികാരം ഒൻട്ര്’. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാറ്റിക്ക് ഗിമ്മുകൾ എല്ലാ ചേർത്തുള്ള കഥപറച്ചിലായിരുന്നു ചിത്രം. സിനിമാറ്റിക്ക് അനുഭൂതി കൃത്യമായി സന്നിവേശിപ്പിക്കുന്നതിലെ സംവിധാന മികവിന്റെ ബലത്തിൽ സിനിമ വിജയം കണ്ടു. അതേ സംഭവത്തെ അധികരിച്ച് പൊലീസ് അന്വേഷണത്തിന്റെ റിയലിസ്റ്റിക്ക് പരിസരത്ത് നിന്ന് കൊണ്ടാണ് രാജീവ് രവി കുറ്റവും ശിക്ഷയും ഒരുക്കിയത്. ഇങ്ങനെ രണ്ട് രീതിയിൽ ഒരുക്കപ്പെട്ട സിനിമകളുടെ പശ്ചാത്തല സാമ്യം നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡിനുണ്ട്. അതിമാനുഷിക ശൈലി പിന്തുടരാതെ, എന്നാൽ വളരെ റിയലിസ്റ്റിക് ആയ ആഖ്യാന പരിസരം മാത്രം ഉപയോഗിക്കാതെ കൃത്യമായി മമ്മൂട്ടിയെന്ന താരനടന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള അവതരണമാണ് കണ്ണൂർ സ്ക്വാഡിന്റേത്. അത് തന്നെയാണ് സിനിമയുടെ ആദ്യ മികവും.
വളരെ വേഗത്തിൽ കേസ് തെളിയിക്കുന്നതിൽ മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് കണ്ണൂർ സ്ക്വാഡ്. അവർ ഒരു കൊലപാതകക്കേസിലെ പ്രതികളെ തേടി നടത്തുന്ന യാത്രയാണ് ചിത്രം. നേരിട്ട് കഥയിലേക്ക് കടക്കാതെ എപ്പിസോഡിക്കായ കഥപറച്ചലിലൂടെ എന്താണ് ഈ സംഘമെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തിയാണ് സിനിമ വികസിക്കുന്നത്. അത്തരത്തിൽ രണ്ട് സംഭവങ്ങളിലൂടെ മമ്മൂട്ടിയുടെ എഎസ്ഐ ജോർജ് മാർട്ടിൻ നയിക്കുന്ന നാലംഗ സംഘത്തിന്റെ രീതികളും സ്വഭാവവും കൃത്യമായി സ്ഥാപിച്ചെടുക്കുന്നുണ്ട്. ജയൻ (റോണി ഡേവിഡ് രാജ്), ജോസ് (അസീസ് നെടുമങ്ങാട്), ഷാഫി (ശബരീഷ് വർമ്മ) എന്നിവരാണ് മമ്മുട്ടിയുടെ സംഘത്തിലുള്ളത്. കേസ് അന്വേഷണത്തിന്റെ ഹീറോയിക്ക് പരിവേഷങ്ങൾക്ക് പകരം വിശ്വാസയോഗ്യമായ രീതികളാണ് സിനിമ പിൻപ്പറ്റുന്നത്. കുറ്റവാളിയെ പിടിക്കുക എന്നതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊലീസുകാരുടെ കുടുംബം, വ്യക്തി ജീവിതം, അവരുടെ ആത്മസംഘർഷങ്ങൾ എന്നിങ്ങനെ അവരിലെ മനുഷ്യരെ കൂടി ചേർത്ത് പിടിച്ചാണ് സിനിമ പോകുന്നത്. പൊലീസിംഗിന്റെ അധികാര ചൂഷണങ്ങളെയും സിനിമ ഓർമപെടുത്തുന്നുണ്ട്.
സൂപ്പർ താരം എന്നതിനപ്പുറം സിനിമയെ ഇന്നും അത്യാവേശത്തോടെ കാണുന്ന നടനാണ് മമ്മൂട്ടി എന്ന തിരിച്ചറിവിൽ നിന്നാണ് റോബി വർഗീസ് രാജ് സിനിമ ഒരുക്കിയത്. സ്റ്റാർഡം പരിവേഷത്തിനേക്കാളും നടനിലെ സാധ്യതകളിലാണ് എഎസ്എ ജോർജ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. പൊലീസായി നിരവധി കഥാപാത്രങ്ങൾക്ക് മമ്മൂട്ടി ജീവൻ പകർന്നിട്ടുണ്ട്. എന്നാൽ കഥാപാത്ര സ്വഭാവത്തിൽ ഉണ്ടയിലെ എസ്ഐ മണിയോടാണ് എഎസ്ഐ ജോർജിന് സാമ്യം. നിരാശയിൽ വളരെ വൈകാരികമാകുന്ന, പ്രതീക്ഷയ്ക്ക് ഒപ്പം എത്താനാകാതെ പോകുമ്പോൾ ദേഷ്യപ്പെടുന്ന സാധാ മനുഷ്യനാണ് ജോർജ്. പല തവണ കണ്ടിട്ടുള്ള അതിമാനുഷിക രീതികളുള്ള മമ്മൂട്ടിയുടെ പൊലീസിൽ നിന്ന് അകലം പാലിച്ചുള്ള കഥാപാത്രം. അടിയേറ്റ് വീഴുന്ന, തുടർ രംഗങ്ങളിൽ ആ അടിയുടെ വേദന പേറുന്ന പൊലീസുകാരൻ. സൂക്ഷ്മാഭിനയത്തിൽ മമ്മൂട്ടി പുലർത്തുന്ന അതിസൂക്ഷ്മമായ ഡിറ്റൈലിങുണ്ട്. അത്തരത്തിലുള്ള കുറച്ചധികം രംഗങ്ങൾ കണ്ണൂർ സ്ക്വാഡിലുണ്ട്. ഡയലോഗ് ഡെലിവറി, മാനറിസങ്ങൾ തുടങ്ങി മമ്മൂട്ടി സിഗ്നേച്ചറുകളും. എന്നാൽ മാസ് ഡയലോഗിന്റെയും ഗിമ്മികളുകളുടെയും പിന്തുണയില്ലാതെ അദ്ദേഹം സൃഷ്ടിക്കുന്ന മാസ് രംഗങ്ങളുണ്ട്. അയാളാൾ മാത്രം കഴിയുന്ന ഒന്ന്. നിൽപ്പിലും നോട്ടത്തിലും ചില ആംഗ്യത്തിലൂടെയുമെല്ലാം സൃഷ്ടിച്ച് എടുക്കുന്നവ. അത്തരത്തിലുള്ള മമ്മൂട്ടിയെക്കൂടി ഉപയോഗപ്പെടുത്തി ഒരുക്കിയ കഥപാത്രമാണ് ജോർജ്.
റിയലിസ്റ്റിക്ക് സിനിമകളെ ‘പ്രകൃതി പടങ്ങൾ’ എന്ന് പരിഹസിക്കപ്പെടുന്ന കാലത്താണ് ആ ശൈലിയോട് ചേർന്ന് നിന്ന് കണ്ണൂർ സ്ക്വാഡ് വരുന്നത്. എന്നാൽ മുറുക്കമുള്ള എഴുത്തും അതിനോട് നീതി പുലർത്തുന്ന സംവിധാനവുമുണ്ടെങ്കിൽ ഏത് മാസ് മസാല സിനിമയുടെ ‘വൗ ഫാക്ടറുകളെ’യും മറികടക്കാനാകുമെന്ന് ഇലവീഴാപൂഞ്ചിറയടക്കമുള്ള സിനിമകൾ തെളിയിച്ചിട്ടുണ്ട്. പൊലീസ് കഥകളിൽ സമീപകാലത്ത് ഏറ്റവും മുറുക്കമുള്ള എഴുത്ത് കണ്ടിട്ടുള്ളത് ഷാഹി കബീറിലാണ്. അതിന്റെ ഒക്കെ ഒരു തുടർച്ചയായി കാണാൻ കഴിയുന്ന തലത്തിലുള്ളതാണ് കണ്ണൂർ സ്ക്വാഡ്. വളരെ സൂക്ഷ്മമായി രംഗങ്ങൾ ചേർത്ത് വെച്ച് അതേസമയം കാഴ്ചയുടെ രസച്ചരട് മുറുക്കിയുള്ള എഴുത്താണ് സിനിമയുടേത്. ഓരോ രംഗങ്ങളിലെയും വിഷ്വൽ നരേറ്റീവിന്റെ സാധ്യതകൾ കൂടി മനസ്സിൽ കണ്ടാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത് എന്നത് സിനിമയുടെ ഡിസൈനിന് നന്നായി ഗുണം ചെയ്യുന്നുണ്ട്. തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവർ കൈയ്യടി അർഹിക്കുന്നുണ്ട്.
ആദ്യ സിനിമയിലൂടെ റോബി വർഗീസ് രാജ് മലയാള സിനിമയിൽ തന്റെ സാന്നിധ്യം ഉജ്വലമായി അടയാളപെടുത്തുന്നുണ്ട്. ഒരു മമ്മൂട്ടി സിനിമ എന്നതിനെക്കാൾ തന്റെ സിനിമയിൽ മമ്മൂട്ടിയെ സസൂക്ഷ്മം ഉപയോഗപ്പെടുത്തുകയാണ് റോബി ചെയ്തത്. മമ്മൂട്ടിയുടെ നടനായും താരമായുമുള്ള സാധ്യതകളെ കൃത്യമായി വിളക്കി ചേർത്താണ് ചിത്രം ഒരുക്കിയത്. സിനിമയുടെ സ്വഭാവവും ശൈലിയും നഷ്ടമാകാതെ ആരാധകർക്കായുള്ള രംഗങ്ങളും ചേർത്ത് വച്ചു. മമ്മൂട്ടി സ്വാഗ് ഇത്തരം ഇടങ്ങളിൽ സ്വഭാവികമായി കടന്ന് വരുന്നുണ്ട്. വളരെ സാധാരണമായി തോന്നുന്ന എന്നാൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് സിനിമയെുടെ മികവാണ്. ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രാത്രിയിൽ നടക്കുന്ന സംഘടനം എടുത്ത് പറയേണ്ടതാണ്. പ്രതികളെ പിടിക്കാൻ ഇറങ്ങുന്ന കണ്ണൂർ സ്ക്വാഡ് അതിജീവനത്തിനായി നടത്തുന്ന ഓട്ടത്തിലേക്കും അതിനിടയിൽ കൂടി നിർമിക്കുന്ന ഹീറോയിസവുമെല്ലാം ചേർന്ന ആക്ഷൻ രംഗം കിടിലൻ കാഴ്ചയാണ്. ഇരുളും വെളിച്ചവും ചേർന്നുള്ള കാഴ്ച എത്രമേൽ രസകരമാണ്.
രംഗങ്ങളെ ലിഫ്റ്റ് ചെയ്യുന്നതിലും സിനിമയുടെ മൂഡ് നിർമിക്കുന്നതിലും സുഷിൻ ശ്യാമിന്റെ സംഗീതത്തിന് നല്ല പങ്കുണ്ട്. സിനിമയുടെ ആദ്യത്തിൽ വരുന്ന ഗാനം പ്രേക്ഷകനെ നേരിട്ട് സിനിമയിലേക്ക് കൊണ്ട് ഇടുകയാണ്. അതുപോലെ തന്നെ മുഹമ്മദ് റാഹലിലിന്റെ ചായാഗ്രാഹണവും പ്രവീൺ പ്രഭാകറിശന്റ എഡിറ്റിങും സിനിമയ്ക്ക് പൂർണത സമ്മാനിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് സംസ്ഥാനങ്ങൾ താണ്ടിയുള്ള കേസ് അന്വേഷണ യാത്രയിൽ മാറുന്ന ഭൂമികയുടെ ഫീൽ പ്രേക്ഷകനിലേക്ക് പകർന്ന് നൽകുന്നുണ്ട് ക്യാമറ. സിനിമ ആവശ്യപ്പെടുന്ന വേഗവും താളവുമായി എഡിറ്റിങ് മാറുന്നുണ്ട്.
മമ്മൂട്ടി കമ്പനി നിർമിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച മൂന്നാമത്തെ സിനിമയാണിത്. റോഷാക്കും നൻപകൽ നേരത്ത് മയക്കുമായിരുന്നു ആദ്യ രണ്ട് സിനിമകൾ. ഇവയിൽ നിന്ന് വളരെ വ്യത്യസ്ഥമാണ് കണ്ണൂർ സ്ക്വാഡ്. കോവിഡ് കാലത്തിന് ശേഷം അടിമുടി സ്വയം നവീകരിച്ചാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് മടങ്ങി എത്തിയത്. താരത്തിൽ നിന്ന് വഴി മാറി നടനിൽ ഊന്നിയുള്ള കാഴ്ചയായിരുന്നു അത്. അതിലേക്കാണ് മമ്മൂട്ടി കമ്പനിയുമായി മമ്മൂട്ടി എത്തിയത്. 70 വയസ് പിന്നിട്ട യുവാവ് എന്ന ബ്രാന്റിങിനപ്പുറം 50 വർഷത്തിന്റെ സിനിമ അനുഭവമാണ് മമ്മൂട്ടി. സ്വയം രാകി മിനുക്കി നവീകരിക്കുന്ന നടന മികവിനെ റൊബി രാജ് കൃത്യമായി ഉപയോഗിക്കുകയായിരുന്നു. ഒപ്പം സിനിമയുടെ പിന്നണിയലും മുന്നണിയിലും നന്നായി പ്രവർത്തിച്ച ഒരു സംഘത്തിന്റെ ചലച്ചിത്ര സാക്ഷ്യം. കണ്ണൂർ സ്ക്വാഡ് കൈയ്യടി അർഹിക്കുന്ന തിയറ്ററിനായി ഡിസൈൻ ചെയ്ത സിനിമാ അനുഭവം.