തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നൽകിയെന്ന ആരോപണം പൊളിഞ്ഞതോടെ പുതിയ വാദവുമായി പരാതിക്കാരൻ. പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രിൽ 10ന് പകൽ 2.30 മുതൽ അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് കാഴ്ചപരിമിതിയുണ്ടെന്നും അതിനാൽ തന്നെ ഇയാൾത്തന്നെയാണോ പണംവാങ്ങിയതെന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നും പരാതിക്കാരനായ ഹരിദാസൻ പറഞ്ഞത്.
ഈ വർഷം ഏപ്രിൽ 10ന് തിരുവനന്തപുരം തൈക്കാട് വച്ച് പകൽ മൂന്നിന് അഖിൽ മാത്യുവിന് പണം നൽകിയെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. എന്നാൽ ഈ സമയം പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസിന്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന അഖിലിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
അഖിലിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അലൻ. വൈകിട്ട് നാലിന് പത്തനംതിട്ട മൈലപ്ര ശാലേം മാർത്തോമ്മ പള്ളിയിലായിരുന്നു വിവാഹം. തുടർന്ന് മൈലപ്ര പള്ളിപ്പടി സാം ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന്. ഇതിൽ രണ്ടിലും അഖിൽ മാത്യു പങ്കെടുത്തിട്ടുണ്ട്.