തിരുവനന്തപുരം> ജനകീയ ബാങ്കിംഗ് സംവിധാനം തകർക്കാനും സ്വകാര്യ ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾക്കും തഴച്ചു വളരുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ തുടർന്നുവരികയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി).
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പുകമറ സൃഷ്ടിക്കുകയാണ്. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ പർവ്വതീകരിച്ച് കാണിച്ചുകൊണ്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന പ്രചരണമാണ് മാധ്യമങ്ങളെ അടക്കം ഉപയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏജൻസികളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്നത്. എന്നാൽ സമീപകാലത്ത് ഇന്ത്യയിലാകെ 64 മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുകൾ തകർന്നതിനെ സംബന്ധിച്ച് ഇവർ മൗനം പാലിക്കുകയാണ്.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തിൽ ക്ഷേമപെൻഷനുകളുടെ വിതരണവും, മറ്റു ക്ഷേമപദ്ധതികളും, പശ്ചാത്തല വികസന പദ്ധതികളും കേരള സർക്കാർ നടപ്പിലാക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ നീക്കം നടക്കുന്നത്. കറൻസി പിൻവലിച്ച സാഹചര്യത്തിലും കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരെ വലിയ ദുഷ്പ്രചരണമാണ് നടത്തിയിരുന്നത്. കേന്ദ്രസർക്കാരിൻ്റെ ആശീർവാദത്തോടെ രണ്ട് ലക്ഷത്തോളം മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ അക്രമങ്ങൾ ശക്തിപ്പെട്ടിരിക്കുന്നത്.
മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്ന് കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതല നിർവഹിക്കുന്ന അമിത് ഷാ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് കൊമേഴ്സ്യൽ ബാങ്കിലെ നിക്ഷേപങ്ങളുടേതു പോലെ തന്നെ നിയമാനുസൃതമായ ഗ്യാരണ്ടി നിലവിലുണ്ട്. അതിന് പുറമേ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് പൂർണ്ണമായും സംസ്ഥാന സർക്കാരിൻ്റെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ സഹകരണ മേഖലയിലെ നിക്ഷേപകർ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. കേരളത്തിൽ നിന്നും സഹകരണ സ്ഥാപനങ്ങൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ വായ്പയായി നൽകുകയോ, മുതൽമുടക്ക് നടത്തുകയോ ആണ് ചെയ്യുന്നത്. എന്നാൽ മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ ഊഹ കച്ചവട രംഗത്തേക്കും, കേരളത്തിന് പുറത്തുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുമാണ് പണമൊഴുക്കുന്നത്.
നിക്ഷേപകരുടെ ആശങ്കകൾ അകറ്റിയും, സഹകരണ മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. കേരളത്തിൻ്റെ അഭിമാന സ്തംഭങ്ങളായ ഈ സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ജനങ്ങളും സഹകാരികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ഷാജു ആൻ്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ ആഹ്വാനം ചെയ്യുന്നു.