തിരുവനന്തപുരം> മങ്കൊമ്പിലെ പ്രമുഖ കുടുംബങ്ങളിലൊന്നാണ് സ്വാമിനാഥന്റേത്. പൂർവികർ തമിഴ്നാട്ടിൽനിന്ന് കുടിയേറിയവർ. അമ്പലപ്പുഴ രാജാവ് തമിഴ്നാട് സന്ദർശിച്ചപ്പോൾ, തഞ്ചാവൂർ കൊട്ടാരസദസ്സിനെ കണ്ട് അവരിൽ ഒരാൾ തന്റെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. കൊട്ടാരസദസ്സിൽ ഒരാളായ സ്വാമിനാഥന്റെ പിതാമഹൻ ഇഞ്ചി വെങ്കിടാചല അയ്യർ അങ്ങനെ അമ്പലപ്പുഴയിലെത്തി. വേദങ്ങളിലുള്ള അവഗാഹം അറിഞ്ഞ രാജാവ് ഗ്രാമം അടങ്ങുന്ന പ്രദേശം നൽകി. പിന്നീട് ആ കുടുംബം കൊട്ടാരം കുടുംബം എന്നാണറിയപ്പെട്ടത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ 1925 ആഗസ്റ്റ് ഏഴിന് കുംഭകോണത്ത് ജനിച്ചു. പാർവതി തങ്കമ്മാളും ഡോ. എം കെ സാംബശിവനും മാതാപിതാക്കൾ. പിതാവ് ഗാന്ധിജിയുടെ അനുയായി. വിദേശ വസ്ത്ര ബഹിഷ്കരണത്തിന്റെ കുംഭകോണത്തെ നേതൃത്വം സാംബശിവന്. ദളിതരുടെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലും മന്ത് നിർമാജന ദൗത്യത്തിലും പങ്കെടുത്തു. സ്വാമിനാഥന് 11 വയസായപ്പോൾ പിതാവ് മരിച്ചു. പിന്നെ വളർത്തിയത്് ജ്യേഷ്ഠൻ നാരായണസ്വാമി. സ്കൂൾ പഠനശേഷം കാത്തലിക് ലിറ്റിൽ ഫ്ളവർ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ. തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്നും അണ്ടർ ഗ്രാജേഷ്വൻ. അവിടെനിന്ന് ജീവശാസ്ത്ര ബിരുദം. തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്ന് അഗ്രികൾചറൽ സയൻസിൽ ബിരുദം. ചെറുപ്പക്കാർ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടരായി. കർഷർക്ക് കൂടുതൽ ഉൽപാദനം നടത്താൻ സഹായമെന്നോണം കാർഷിക പഠനം നടത്തണമെന്ന് ആ സാഹചര്യത്തിലാണ് തീരുമാനിച്ചത്.
1947ൽ ദില്ലി അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. 1949ൽ സൈറ്റോ ജനറ്റിക്സ് ഉയർന്ന മാർക്കോടെ പാസായി. തുടർന്ന് ഇന്ത്യൻ പൊലീസ് സർവീസ് യോഗ്യത നേടി. 1972മുതൽ 79വരെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ തലവൻ. 1979 മുതൽ 80വരെ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി. 1982‐88ൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ. 1988ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നാച്വർ ആൻഡ് നാച്വറൽ റിസോഴ്സ് പ്രസിഡന്റ്. 1999ൽ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു. ഗാന്ധിജിയും നെഹ്റുവുമാണ് മറ്റു രണ്ട് ഇന്ത്യക്കാർ. നെതർലാണ്ടിലെ വാജെനിജൻ കാർഷിക സർവകലാശാലയിൽ ഉരുളക്കിഴങ്ങു ഗവേഷണത്തിന് യുനെസ്കോ ഫെല്ലോഷിപ്പ് നേടി. 1950ൽ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിജ് സ്കൂൾ ഓഫ് അഗ്രിക്കൾച്ചറിന്റെ പ്ലാന്റ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്. 1952ൽ പിഎച്ച്ഡി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസിനിൽ ഗവേഷണത്തിന്. അധ്യാപകനാകാനുള്ള വാഗ്ദാനം നിരസിച്ച് 1954ൽ ഇന്ത്യയിലേക്ക്.
ഗവേഷണം തുടരാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സ്വാമിനാഥൻ ലോകവ്യാപക പ്രവർത്തനം നടത്തി. 1987ൽ ആദ്യ ലോക ഭക്ഷ്യസമ്മാനം നൽകി യുഎൻ സെക്രട്ടറി ജനറൽ ജാവിയർ പെരസ് ഡിക്വർ എഴുതി: സ്വാമിനാഥൻ ജീവിക്കുന്ന ഇതിഹാസമാണ്. യുഎൻ പാരിസ്ഥിതിക പദ്ധതി സ്വാമിനാഥനെ സാമ്പത്തിക ഇക്കോളജിയുടെ പിതാവെന്നാണ് വിശേഷിപ്പിച്ചത്. ലോക പ്രശസ്ത ശാസ്ത്രകൂട്ടായ്മകളായ ലണ്ടൻ റോയൽ സൊസൈറ്റി, യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസ്, റഷ്യൻ, ചൈനീസ്, ഇറ്റാലിയൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ ഫെലോ ആയി. കാർഷികമേഖലയിൽ സ്ത്രീ ശാക്തീകരണത്തിന് വിജ്ഞാനവും വൈദഗ്ധ്യവും സാങ്കേതികവിദ്യയും വികസിപ്പിക്കൽ, കൃഷിയിലും ഗ്രാമീണ വികസനത്തിലും ലിംഗനീതി ഉറപ്പാക്കൽ എന്നിവ മുൻനിർത്തി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൺ ആൻഡ്് ഡവലപ്മെന്റ് ഏർപ്പെടുത്തിയ ആദ്യ അന്തർദേശീയ അവാർഡ് സ്വാമിനാഥനായിരുന്നു.