തിരുവനന്തപുരം> വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നാമത് റേക്ക് കൊച്ചുവേളിയില്‍ എത്തിച്ചു. ആലപ്പുഴ വഴി എട്ട് കോച്ചുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് പകരമായാണ് പഴയശ്രേണിയിലുള്ള റേക്ക് എത്തിച്ചതെന്ന് അമിനിറ്റി ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.
അതേസമയം തിരുവനന്തപുരത്തുനിന്നും രാവിലെ ആലപ്പുഴ വഴി സര്‍വീസ് ആരംഭിക്കുന്നതിനായുള്ള ആലോചനയുണ്ട്. ആദ്യരണ്ടു വന്ദേഭാരത് എക്സ്പ്രസിനും കേരളത്തില്‍ ലഭിച്ച വലിയ സ്വീകാര്യതയാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നതിന് പിന്നില്‍. കോട്ടയം വഴിയുള്ള വന്ദേഭാരതിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്.
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് അറ്റകുറ്റപ്പണിക്ക് കുറഞ്ഞസമയം മാത്രമാണ് കിട്ടുന്നതെന്നും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് പുതിയ റേക്ക് എത്തിച്ചതെന്നുമാണ് ഡിവിഷണല്‍ ഓഫീസ് അധികൃതര്‍ പറയുന്നത്. തിങ്കള്‍ വൈകിട്ടോടെയാണ് ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍നിന്ന് റേക്ക് കൊച്ചുവേളിയില്‍ എത്തിച്ചത്. മൂന്ന് റേക്കുകളുടെയും അറ്റകുറ്റപ്പണിക്കുള്ള സൗകര്യമുള്ളത് കേരളത്തില്‍ കൊച്ചുവേളിയില്‍ മാത്രമാണ്.