തൃശൂർ> കോൺഗ്രസ് ഭരണകാലത്ത് പുത്തൂർ സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ മുൻ ഭരണസമിതി അംഗങ്ങളിൽനിന്ന് പണം തിരിച്ചുപിടിക്കാൻ നോട്ടീസ്. ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, പഞ്ചായത്ത് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് നടപടി. സഹകരണ നിയമം വകുപ്പ് 68 (1) ചട്ടം 66 പ്രകാരം അന്വേഷണം പൂർത്തിയായി. ബാങ്കിന് നഷ്ടം വരുത്തിയവരിൽനിന്ന് തുക ഈടാക്കാനാണ് നടപടി. ഭരണസമിതി പ്രസിഡന്റ്, അംഗങ്ങൾ, ജീവനക്കാർ എന്നിവരിൽനിന്ന് 2,54,84,308 രൂപ തിരിച്ചു പിടിക്കാനാണ് ഉത്തരവ്.
2014ന് മുമ്പുള്ള കോൺഗ്രസ് ഭരണസമിതികളുടെ കാലത്തെ 40 കോടിയോളം രൂപയുടെ ക്രമക്കേടുകളിൽ അന്വേഷണം തുടരുകയാണ്.
ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള ഭൂമിക്ക് മതിപ്പുവില ഉയർത്തിക്കാണിച്ച് വഴിവിട്ട് വായ്പ നൽകൽ, ഒരേ ഭൂമിക്ക് പല വായ്പകളിലായി ലക്ഷങ്ങൾ അനുവദിക്കൽ, പ്രസിഡന്റു മാത്രം ഒപ്പിട്ട് വായ്പ അനുവദിക്കൽ, ബാങ്കിൽനിന്ന് പ്രസിഡന്റ് അഡ്വാൻസ് കൈപ്പറ്റി തിരിച്ചടയ്ക്കാതിരിക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. വഴിവിട്ട് നൽകിയ വായ്പകൾ തിരിച്ചടവില്ലാതായതോടെ ബാങ്കിന് വൻ നഷ്ടം സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് നടപടിക്ക് ഉത്തരവായത്.
ബാങ്ക് പ്രസിഡന്റായിരുന്ന സുരേഷ് കാക്കനാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. ഭരണസമിതി അംഗം ടി കെ ശ്രീനിവാസൻ പുത്തൂർ പഞ്ചായത്ത് പ്രതിപക്ഷനേതാവും തൃശൂർ പഴം പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘം പ്രസിഡന്റുമാണ്. നന്ദൻ കുന്നത്ത് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. കോൺഗ്രസ് ബ്ലോക്ക്–- മണ്ഡലം പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് –- യൂത്ത് കോൺഗ്രസ് നേതാക്കളായ ഡേവിസ് കൂനൻ, ഷിജു കാട്ടൂക്കാരൻ, പ്രേമൻ കൊരട്ടിക്കാരൻ, ദേവസി കാഞ്ഞിരത്തിങ്കൽ തുടങ്ങി 20 പേരിൽനിന്ന് പണം തിരിച്ചുപിടിക്കാനാണ് നടപടി.
കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം ഇവർക്കെതിരെ ഒരു നടപടിയുമെടുത്തില്ല. വൻ ക്രമക്കേടിനെത്തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. പിന്നീട് നടന്ന തെഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയുള്ള സഹകാരികളുടെ ഭരണസമിതി അധികാരത്തിൽ വന്നു. എൽഡിഎഫ് സർക്കാരിന്റെയും കേരള ബാങ്കിന്റെയും പിന്തുണയോടെ ബാങ്ക് ഇടപാടുകൾ സജീവമാക്കി വരികയാണ്. വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാനും നിക്ഷേപകരുമായി ആശയവിനിമയം നടത്തി ചെറിയതോതിൽ നിക്ഷേപം തിരിച്ചു നൽകിയും വരികയാണ്.