കൊച്ചി> കരുവന്നൂര് സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്സിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് .കരുവന്നൂർ ബാങ്ക് കേസിൽ 2 പേരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഉദ്യോഗസ്ഥർ മർദിച്ചിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കേസിൽ മൊഴിയായി സിപിഐ എം നേതാക്കളുടെ പേര് നൽകണം എന്നാവശ്യപ്പെട്ടാണ് മർദിച്ചതെന്നും അരവിന്ദാക്ഷൻ പറഞ്ഞിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് അന്ന് പീഡിപ്പിച്ചത്. പുറംലോകം കാണിക്കില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. എഴുതിവച്ച ലിസ്റ്റ് പ്രകാരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എം കെ കണ്ണൻ എന്നിവർക്ക് പങ്കുണ്ടെന്ന തരത്തിൽ കള്ളമൊഴി രേഖപ്പെടുത്തി ഒപ്പിട്ട് വാങ്ങി. എ സി മൊയ്തീന് പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ബന്ധം ഉണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ടും മർദ്ദിച്ചുവെന്നു പറഞ്ഞിരുന്നു. ഇഡി മർദനത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.















