തിരുവനന്തപുരം
ഈ വർഷം 15,144 പേർക്ക് മാത്രമേ പിഎസ്സി നിയമനം കിട്ടിയുള്ളൂവെന്നു കാണിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പഴയ കണക്ക്. നിയമസഭയിൽ എച്ച് സലാം എംഎൽഎക്ക് നൽകിയ മറുപടിയിലെ ജൂൺ 30 വരെയുള്ള കണക്കുവച്ചാണ് ഈ തെറ്റിദ്ധരിപ്പിക്കൽ. എന്നാൽ, ഈ വർഷം സെപ്തംബർവരെ 22,370 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണിത്. ജൂൺ മുതൽ സെപ്തംബർവരെ മാത്രം 7226 നിയമനം നടന്നു. ഈ കാലയളവിൽ സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറിയറ്റ് അറ്റൻഡന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എന്നിവയിലാണ് കൂടുതൽ നിയമനം നടന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം നിയമന ശുപാർശ വൈകിക്കുകയാണെന്നാണ് വെള്ളിയാഴ്ച ഒരു പത്രം വാർത്ത നൽകിയത്. എൽഡിസി, എൽജിഎസ്, സിവിൽ പൊലീസ് ഓഫീസർ തസ്തികകളിൽ വരുംമാസങ്ങളിൽ നിയമനം നടക്കാനിരിക്കെയാണ് കള്ളവാർത്ത. ഇതുംകൂടിയാകുമ്പോൾ ഈ വർഷം 30,000 കടക്കും. നിയമനത്തിന്റെ യഥാർഥ വിവരം വാർത്തയാക്കിയ ദേശാഭിമാനിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടന്നിരുന്നു. ഏഴര വർഷത്തിനിടെ 2,21,132 പേർക്കാണ് നിയമന ശുപാർശ നൽകിയത്. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 30,000 പുതിയ തസ്തികയും സൃഷ്ടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പ്രതിവർഷം പതിനായിരത്തിൽ താഴെമാത്രം നിയമനം നടക്കുമ്പോഴാണ് ഈ മുന്നേറ്റം. വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ അഞ്ചു വർഷത്തിനിടെ നടന്നത് 58,186 നിയമനം മാത്രമാണ്.