യെരേവാൻ
അസർബൈജാന് സൈന്യം നഗോർണോ––കറാബാഖിൽ പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ വംശീയ ഉന്മൂലനം ഭയന്ന് ആയിരക്കണക്കിന് അർമേനിയൻ വംശജർ പലായനം ചെയ്യുന്നു. 6500 ഓളം പേര് ഇതിനോടകം അര്‍മേനിയയിലേക്ക് എത്തി. ആയിരക്കണക്കിന് ആളുകൾ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ തകര്‍ന്ന കെട്ടിടങ്ങളില്‍ കഴിയുകയാണ്. ഇവിടേയ്ക്ക് ഭക്ഷണം അടക്കം എത്തുന്നത് അസര്ബൈജാന് സൈന്യം തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ 1,20,000 അര്‍മേനിയന്‍ വംശജരാണുള്ളത്. ഇവരെല്ലാം അർമേനിയയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ പ്രതികരിച്ചു. മേഖലയിൽ സഹായമൊരുക്കാന്‍ റഷ്യൻ സമാധാന സേന രംഗത്തുണ്ട്.
തെക്കൻ കോക്കസസിലെ പർവതമേഖലയായ നഗോർണോ––കറാബാഖ് – അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുപ്രകാരം അസർബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍വംശജരുടെ നിയന്ത്രണത്തിലായിരുന്നു. അര്‍മേനിയ സൈനികരും റഷ്യന്‍ സമാധാന സംഘവും ഇവിടെയുണ്ട്. അസർബൈജാൻ സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിൽ ഇരുനൂറോളം അർമേനിയന്‍ വംശജരും അഞ്ച് റഷ്യൻ സമാധാന സേനാംഗങ്ങളും കൊല്ലപ്പെട്ടതോടെയാണ് പലായനം തുടങ്ങിയത്.
അസർബൈജാന് പ്രസിഡന്റ് ഇൽഹാം അലിയേവുമായി കൂടിക്കാഴ്ച നടത്താൻ തുർക്കിയ പ്രസിഡന്റ് റെസിപ് തയിപ് എർദോഗൻ രാജ്യത്ത് എത്തി. നാഗോർണോ-–-കറാബാഖിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനാണെന്ന് സന്ദർശനം.