മലപ്പുറം> നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മഞ്ചേരി അരീക്കോട് മേഖലയിലെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. മലപ്പുറത്തിന് പുറമെ എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്.
പിഎഫ്ഐ പ്രവർത്തകരായിരുന്ന മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് മൂർക്കനാട സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഇഡി റെയ്ഡ്. രാവിലെ ഏഴുമണിയാടെയാണ് കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാൽ മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന നടക്കുന്നുണ്ട്.
മൂർക്കനാട് സുബുലു സലാം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുൽ അമീൻ. എസ്ഡിപിഐ പ്രവർത്തകനായ ഷാപ്പിൻകുന്ന് സ്വദേശിയെ ഇഡി കഴിഞ്ഞ ദിവസം ബസപ്പെട്ടിരുന്നതായാണ് വിവരം. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് പരിശോധിക്കും.
കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ആഗസ്റ്റിൽ മഞ്ചേരി ഗ്രീൻവാലിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനകേന്ദ്രം എന്‍ഐഎ സംഘം കണ്ടുകെട്ടിയിരുന്നു. ഈ കെട്ടിടം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. ജീവകാരുണ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറവിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.