തിരുവനന്തപുരം
സഹകരണ ബാങ്കുകളുടെ അധികാരം സംസ്ഥാനങ്ങളിൽനിന്ന് കവരാനുള്ള ബിജെപിയുടെ അജൻഡയ്ക്ക് തടയിടുന്നത് കേരളം. ഈ നീക്കം തടയാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സമാനമായി കേന്ദ്രത്തിന്റെ അട്ടിമറികളെല്ലാം കേരളം ചെറുക്കുന്നതിന്റെ പ്രതികാരം തീർക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുന്നത്. |
2021 ജൂലൈ 20ന് 97––ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വിധിയിൽ സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ തിരിച്ചടി മറികടക്കാൻ കേന്ദ്രസർക്കാർ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിയമഭേദഗതി കൊണ്ടുവന്നു. ഇത്തരം സംഘങ്ങൾക്കും കേരളത്തിൽ ചലനമുണ്ടാക്കാനായില്ല. കേരളത്തിന്റെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത് സഹകരണ ബാങ്കുകളാണ്. 1627 സർവീസ് സഹകരണ ബാങ്ക് സംസ്ഥാനത്തുണ്ട്. 1.86 ലക്ഷം കോടി രൂപയുടെ വായ്പ കൈകാര്യം ചെയ്യുന്നു. നിക്ഷേപങ്ങൾക്കും ഇടപാടുകൾക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു.
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ‘ടീം ഓഡിറ്റ്’ സംവിധാനം കേരളത്തിന്റെ പ്രത്യേകതയാണ്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കി കോർബാങ്കിങ് സംവിധാനമൊരുക്കി. കേരള സഹകരണസംഘം സമഗ്ര ഭേദഗതി ബില്ലിന് നിയമസഭ അംഗീകാരം നൽകി. പരിശോധനകളിൽ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടെത്തിയാൽ പൊലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും നടപടി സ്വീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താൻ വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുൾപ്പെടെയുള്ള വ്യവസ്ഥയും ഉറപ്പുവരുത്തി.