തൃശൂർ
എഐസിസി അംഗം അനിൽ അക്കരയുടെ കുടുംബത്തിന്റെ ഓവർഡ്രാഫ്റ്റ് വഴിവിട്ട് എഴുതിത്തള്ളിയ കോൺഗ്രസ് ഭരണസമിതിക്കെതിരെ സഹകാരികൾ നിയമനടപടിക്ക് ഒരുങ്ങുന്നു. അദാലത്തുകളിൽ ഓവർഡ്രാഫ്റ്റുകൾക്ക് ഇളവുകൾ നൽകരുതെന്നിരിക്കെ അടാട്ട് ഫാർമേഴ്സ് ബാങ്കിൽ കോൺഗ്രസ് ഭരണകാലത്താണ് 25 ലക്ഷം രൂപ നഷ്ടം വരുത്തിയ നടപടിയുണ്ടായത്. ബാങ്കിലെ മറ്റു സഹകാരികൾക്ക് ഒഡിയിൽ ഇളവ് അനുവദിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെയാണ് സഹകാരികൾ നിയമനടപടിക്ക് ഒരുങ്ങുന്നത്.
ചട്ടവിരുദ്ധമായി എഴുതിത്തള്ളിയ സംഖ്യ തിരിച്ചുപിടിക്കണമെന്ന അജൻഡ ബാങ്കിന്റെ പൊതുയോഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹകാരികൾ ഭരണസമിതിക്ക് കത്തുനൽകി. തുടർ നിയമനടപടിക്കും ഒരുങ്ങുകയാണ്. പൊതുയോഗത്തിൽ അജൻഡ പാസാക്കി 25 ലക്ഷം തിരിച്ച് ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭരണസമിതിക്ക് അധികാരമുണ്ട്.
പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തയാൾ മരിക്കുകയോ അപകടംമൂലം കുടിശികവന്ന് ജപ്തി നടപടി നേരിടുകയോ ചെയ്യുമ്പോഴാണ് ഇളവിന് അർഹത. ഇതിൽ ഓവർഡ്രാഫ്റ്റ് ഉൾപ്പെടില്ല. അദാലത്തിൽ വായ്പക്കാരന്റെ (ആശ്രിതരുടെ) ഭാഗം കേട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ രണ്ട് ഭരണസമിതി അംഗങ്ങളെ ചുമതലപ്പെടുത്തണം. ഇവർ വായ്പക്കാരെ നേരിൽക്കണ്ട് അടയ്ക്കാനാവുന്ന തുകയെക്കുറിച്ച് ഭരണസമിതിക്ക് റിപ്പോർട്ട് നൽകണം. പരമാവധി നൽകാവുന്ന ഇളവിനെക്കുറിച്ച് തീരുമാനിക്കണം. തീരുമാനത്തിന് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം.
അനിൽ അക്കരയുടെ കുടുംബം ഒഡിയാണ് എടുത്തത്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ സ്വാധീനം പ്രയോജനപ്പെടുത്തി ഒഡിക്കുകൂടി ഇളവ് ഉൾപ്പെടുത്തി.
ആശ്വാസ് പദ്ധതിയുടെ കാലാവധി 2016 മാർച്ച് 31ന് തീർന്നിട്ടും ജൂൺവരെ നീട്ടിവാങ്ങി. ഇളവ് അനുവദിച്ച ഭരണസമിതി തീരുമാനത്തിന് സംസ്ഥാനസമിതിയുടെ അംഗീകാരം വാങ്ങിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഹകാരികൾ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
നാൽപ്പത് കോടിയോളം രൂപയുടെ അഴിമതി നടത്തിയത് കണ്ടെത്തിയതോടെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. അനിൽ അക്കര അതിനെതിരെ അന്ന് നിരാഹാര സമരം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ കോൺഗ്രസ് സുപ്രീംകോടതിവരെ കേസിനുംപോയി. പിന്നീട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ അടാട്ട് ബാങ്ക് ഭരണസമിതിയിൽ എൽഡിഎഫ് ഉജ്വലവിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പിൽ അനിൽ അക്കരയെയും വടക്കാഞ്ചേരി ജനതയും പുറംതള്ളി.