കലിഫോർണിയ
ഇതുവരെ ശേഖരിച്ചതിൽവച്ച് ഏറ്റവും കൂടുതൽ ഛിന്നഗ്രഹ സാമ്പിളുമായി നാസയുടെ ഒസിരിസ് റെക്സ് പേടകം സുരക്ഷിതമായി ഭൂമയില്‍ പതിച്ചു. ഭൂമിയില്‍ നിന്ന് ഇപ്പോള്‍ എട്ടുകോടി കിലോമീറ്റര്‍ അകലെയുള്ള ബെന്നൂ എന്ന ഛിന്നഗ്രഹത്തില്നിന്നും കല്ലും മണ്ണുമടങ്ങുന്ന സാമ്പിളുമായി യൂട്ടാ മരുഭൂമിയില്‍ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.25നാണ് പേടകം ഭൂമിയെ സ്പർശിച്ചത്.
2016ൽ വിക്ഷേപിച്ച ഒസിരിസ് റെക്സ് പേടകം നാല് വർഷത്തിന് ശേഷമാണ് ബെന്നൂവിൽനിന്ന് പാറയും പൊടിയും ശേഖരിച്ചത്. ബെന്നുവിൽ ഇറങ്ങാതെ യന്ത്രക്കൈ ഉപയോഗിച്ചായിരുന്നു ഇത്. 250 ഗ്രാം സാമ്പിളാണുള്ളത്. 32 കോടി കിലോമീറ്റർ അകലെയായിരുന്നു അന്ന് ബെന്നു. 2021 ലാണ് മടക്കയാത്ര തുടങ്ങിയത്. സാമ്പിൾ ചെപ്പ് അടങ്ങിയ ചെറുപേടകം ലാൻഡിങ്ങിന് നാലുമണിക്കൂർ മുമ്പാണ് 1,08,000 കിലോമീറ്റർ ഉയരത്തിൽനിന്ന് മാതൃപേടകമായ ഒസിരിസ് റെക്സ് ഭൗമാന്തരീക്ഷത്തിലേക്ക് തൊടുത്തുവിട്ടത്. മണിക്കൂറിൽ 46,000 കിലോമീറ്റർ വേഗത്തിൽ തീഗോളമായാണ് പതിച്ചത്. വേഗത നിയന്ത്രിക്കാൻ പാരച്യൂട്ടുകൾ സജ്ജീകരിച്ചിരുന്നു. ഇത് തിങ്കളാഴ്ച ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിലേക്ക് വിമാനത്തിൽ എത്തിക്കും.
അവിടെ വച്ചാണ് ചെപ്പ് തുറക്കുക. ഭൂരിഭാഗം സാമ്പിളുകളും ഭാവി തലമുറകൾക്ക് പഠനത്തിനായി സംരക്ഷിക്കപ്പെടും. ഏകദേശം നാലിലൊന്ന് ഉടൻ തന്നെ പരീക്ഷണങ്ങളിൽ ഉപയോഗിക്കും. കൂടാതെ ഒരു ചെറിയ ഭാഗം ദൗത്യത്തിൽ പങ്കാളികളായ ജപ്പാനിലേക്കും ക്യാനഡയിലേക്കും അയക്കും. ഭൂമിക്ക് ഭീഷണി ആയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പറ്റി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഒസിരിസിന് പുതിയ ദൗത്യം
ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച മാതൃപേടകമായ ഒസിരിസ് ബഹിരാകാശത്തുവച്ചുതന്നെ മറ്റൊരു ഛിന്നഗ്രഹ ദൗത്യത്തിലേക്ക് നീങ്ങും. 2029ൽ ഭൂമിക്ക് 32,000 കിലോമീറ്റർ അരികിലൂടെ കടന്നുപോകുന്ന അപ്പോഫികസിലേക്കാണ് യാത്ര. ഇതോടെ ദൗത്യത്തിന്റെ പേര് ഒസിരിസ് അപ്പെക്സ് ആകും.