കാസർകോട് > രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്നിറങ്ങിപ്പോയി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം. കാസർകോട് നടന്ന ചടങ്ങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ജനങ്ങളെ അഭിമുഖീകരിക്കാൻ അവസരം നൽകിയില്ലെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, നഗരസഭാ ചെയർമാൻ വി എം മുനീർ എന്നിവർക്കും വേദിയിൽ ഇരിപ്പിടം നൽകിയില്ല.
ഡിആർഎം അരുൺകുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിച്ച് ചടങ്ങിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 12.15 ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചുകഴിഞ്ഞയുടൻ ചടങ്ങ് അവസാനിപ്പിച്ചതോടെയാണ് എംഎൽഎ വേദി വിട്ടിറങ്ങിയത്. വിളിച്ചുവരുത്തി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എംഎൽഎ പറഞ്ഞു. ഇതിനിടെ സ്റ്റേഷനിലെ ചടങ്ങ് പൂർണമായും തങ്ങളുടെ വരുതിയിലാക്കാൻ ബിജെപിയുടെ നേതാക്കൾ ശ്രമിക്കുന്നുണ്ടായിരുന്നു.
ട്രെയിനിലെ ആദ്യയാത്രക്കുള്ള പാസ് മുൻകൂട്ടി ബിജെപി പ്രവർത്തകർക്ക് നൽകുകയും ചെയ്തു. വനിതാസംവരണ ബിൽ ലോക്സഭ പാസാക്കിയിട്ടും സ്ത്രീകളെ വേദിയിൽ കയറ്റാൻപോലും തയ്യാറാകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.