പാരീസ്> കുടിയേറ്റക്കാരോട് സഹിഷ്ണുത കാണിക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിലെ മാർസെയിൽ മെഡിറ്ററേനിയൻ രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെയും യുവാക്കളുടെയും യോഗത്തിലാണ് ആഹ്വാനം. കുടിയേറ്റം അടിയന്തരാവസ്ഥയല്ല. മറിച്ച് നമ്മുടെ കാലത്തെ യാഥാർഥ്യമാണ്. അത് ജ്ഞാനപൂർവമായ ദീർഘവീക്ഷണത്തോടെ നിയന്ത്രിക്കപ്പെടണമെന്ന് മാർപാപ്പ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽ വൻതോതിൽ കുടിയേറ്റക്കാർ എത്തിയതോടെ ചർച്ച വീണ്ടും സജീവമായ സാഹചര്യത്തിലാണ് മാർപാപ്പയുടെ ആഹ്വാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സദസ്സിലുണ്ടായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം കഴിഞ്ഞ തിങ്കൾമുതൽ ബുധൻവരെ 199 ബോട്ടുകളിലായി 8500 പേർ ലാംപെഡൂസയിൽ എത്തിയിരുന്നു.