തിരുവനനന്തപുരം> പതിനാലുകാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ രേഖയാണ് കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷ് (48)നെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം.
2019 സെപ്തംബർ 26 വൈകുന്നേരം 4.45 നോടെയാണ് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിയെ അച്ഛനെ കാണാനെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ഓടി അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. റബർവെട്ടുകാരനായ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. തുടർന്ന് കിളിമാനൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. ആറ്റിങ്ങൽ ഡിവൈഎസ്പിമ്മാരായ കെ എ വിദ്യാദരൻ, എസ് വൈ സുരേഷ്, കിളിമാനൂർ എസ് ഐ എസ് അഷ്റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകൾ ഹാജരാക്കി.