തിരുവനന്തപുരം > എൽഡിഎഫ് സർക്കാരുകളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഈ സർക്കാരുകൾക്കുകീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയക്കുന്നു. കേന്ദ്ര സർക്കാരിന്റെ അധികാരം ദുർവിനിയോഗത്തിലൂടെ കേരള വികസനം തടയിടാൻ ബിജെപി ശ്രമിക്കുന്നു. നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന അതേസമീപനം തന്നെയാണ് യുഡിഎഫും സ്വീകരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴുവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ഒരു വികസന പദ്ധതിയിലും ഇരുകൂട്ടരുടെയും പങ്കാളിത്തമുണ്ടായിട്ടില്ല. എല്ലാ വികസന പരിപാടികൾക്കും തടസം സൃഷ്ടിക്കൽ ശ്രമങ്ങൾ മാത്രമാണുണ്ടായത്. കോവിഡുക്കാലത്ത് അനാവശ്യ ഭയപ്പാടുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചു. പ്രളയക്കാലത്ത് നാടിന് വാഗ്ദാനം ലഭിച്ച വിദേശ സഹായങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല. അതിനെ ന്യായീകരിക്കാൻ യുഡിഎഫ് നേതാക്കളും മടിച്ചില്ല. കോവിഡ് അടച്ചപുട്ടൽക്കാലത്ത് ഓഫീസുകളും സ്കൂളുകളും അടഞ്ഞുകിടക്കുമ്പോഴും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ ശമ്പളം ഉറപ്പാക്കി. എന്നാൽ, കോവിഡ് സൃഷ്ടിച്ച വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തങ്ങളുടെ ശമ്പളത്തിൽനിന്ന് ചെറിയ ഭാഗം മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ച് ഇറക്കിയ ഉത്തരവിനെ കത്തിച്ചാണ് യുഡിഎഫ് ആഘോഷിച്ചത്. അതിനെ ന്യായീകരിക്കാൻ ബിജെപി നേതാക്കളും മടിച്ചില്ല. ഇതെല്ലാം യുഡിഎഫിനും ബിജെപിക്കും കേരളത്തോട് അശേഷം സ്നേഹമോ അനുതാപമോ ഇല്ലെന്നതിന്റെ തെളിവുകളാണ്.
സംസ്ഥാനത്തിന്റെ അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ ഉറപ്പിക്കാൻ എൽഡിഎഫ് സമരമുഖത്താണ്. അത് കേരളത്തിലെ മുന്നരക്കോടി ജനങ്ങൾക്കുവേണ്ടിയാണ് എൽഡിഎഫ് സമരം ചെയ്യുന്നത്. ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് ഒരു സംയുക്ത നിവേദനം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപോലും മാനിക്കാത്ത യുഡിഎഫ് എംപിമാർ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ഇ പി പറഞ്ഞു.