കൊച്ചി > ഐഎസ്എൽ ആവേശത്തിനൊപ്പം കൊച്ചി മെട്രോയും. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഐഎസ്എൽ നടക്കുന്നത് പ്രമാണിച്ച് മെട്രോ അധിക സർവീസുകൾ ഏർപ്പെടുത്തി. രാത്രി 11.30 വരെയാണ് ട്രെയിൻ സമയം നീട്ടിയത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമാണ് അധിക സർവീസുകൾ. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഉണ്ടായിരിക്കും.
ഐഎസ്എൽ: ഗതാഗതക്രമീകരണം
കൊച്ചി > ഐഎസ്എൽ നടക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന് എത്തുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴ അടക്കമുള്ള തെക്കൻമേഖലകളിൽനിന്ന് വരുന്നവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലും പാർക്ക് ചെയ്യണം. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിൽ എത്തണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ലെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
ഈ വഴി പോകണം
വൈകിട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.