തിരുവനന്തപുരം
മാത്യു കുഴൽനാടനെതിരായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം വെളിപ്പെടുത്തുന്നത് കോൺഗ്രസിലെ പുതിയനിര നേതാക്കളുടെ പൊള്ളത്തരം. മറ്റുള്ളവരിൽ ഉണ്ടാവണമെന്ന് ശഠിക്കുന്ന രാഷ്ട്രീയ സത്യസന്ധത സ്വന്തം പ്രവൃത്തിയിൽ ഒട്ടുമില്ലെന്ന് തെളിയിക്കുകയാണ് ഇവർ. കുഴൽനാടന്റെ നേതാവ് വി ഡി സതീശനും അഴിമതി കേസിന്റെ നിഴലിലാണ്.
നിയമസഭയിൽ കന്നിക്കാരനായ കുഴൽനാടന്റെ ഇടപെടൽ ഭരണപക്ഷത്തോട് ആക്രോശിച്ചും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും മാധ്യമ ശ്രദ്ധനേടലായിരുന്നു. തന്റെ പിന്നാലെ ആരെങ്കിലും വന്നാൽ പലതും വിളിച്ചുപറയുമെന്ന ഭീഷണിയും. നിയമസഭയിലെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണ ചരിത്രമറിയാവുന്നവർ അതുകേട്ട് ചിരിക്കുകയാണ് ചെയ്തത്. അഴിമതിക്കെതിരെ കുരിശുയുദ്ധത്തിന് ഇറങ്ങിയെന്ന് പറഞ്ഞതിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ സ്വന്തം സുതാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. നിരന്തരം വെല്ലുവിളിച്ചുനടന്നിട്ടും പാർടിയിൽനിന്നോ ജനങ്ങളിൽനിന്നോ കുഴൽനാടന് പിന്തുണ കിട്ടിയില്ലെന്നതും എടുത്തുപറയേണ്ടത്.
അന്വേഷണത്തിൽ അസ്വാഭാവികത തെല്ലുമില്ലെന്ന് ഇതിനകം മാധ്യമങ്ങൾവഴി പുറത്തുവന്ന വസ്തുതകൾ തെളിയിക്കുന്നു. വിപണി വില മറച്ച്, ന്യായവില കാണിച്ച് ആധാരം രജിസ്റ്റർ ചെയ്തു.
കെട്ടിടം അനധികൃതമായതിനാൽ അത് കാണിക്കാതെ ഭൂമി രജിസ്ട്രേഷൻ നടത്തി. അതുവഴി 60 ലക്ഷം രൂപയെങ്കിലും നേട്ടമുണ്ടായെന്നാണ് അധികൃതർ കണക്കാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് തട്ടിപ്പിൽ പങ്കാളികളാക്കിയത്. 1.92 കോടിക്ക് രജിസ്റ്റർ ചെയ്ത ഭൂമി പിറ്റേന്ന് മൂന്നരക്കോടി വിലയുണ്ടെന്നുകാണിച്ച് സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പ് കമീഷനെയും തെറ്റിദ്ധരിപ്പിച്ചു.
രാഷ്ട്രീയ പകപോക്കലെന്ന് പ്രതിപക്ഷം വാദിക്കുമെന്ന് ഉറപ്പുള്ളതിനാൽ തന്നെ, കൃത്യമായ പരിശോധന പൂർത്തിയാക്കിയശേഷമാണ് സർക്കാർ ഉത്തരവ്.
കുഴൽനാടന്റെ പേരുപോലും ഉത്തരവിലില്ല. രാഷ്ട്രീയ എതിരാളികളോട് പകതീർക്കാൻ അധികാരം ഉപയോഗിക്കില്ലെന്നും അഴിമതിയോടും ക്രമക്കേടിനോടും വിട്ടുവീഴ്ചയില്ലെന്നതുമാണ് നയമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.